1996 ജൂലൈ 29 നാണ് റാന്നി വലിയപാലം തകർന്നു വീണത്
റാന്നി വലിയപാലം പമ്പാനദിയിൽ തകർന്നു വീണിട്ട് നാളെ (ജൂലൈ-29) 27 വർഷങ്ങൾ. പഴയ പാലം കാടുമൂടി വിസ്മൃതിയിലാകുമ്പോൾ
പുത്തൻ നിറങ്ങളാൽ തിളങ്ങി നിൽക്കുകയാണ് പുതിയ പാലം.
1996 ജൂലൈ 29ന് ഉച്ചകഴിഞ്ഞ് 3.25നാണ് പമ്പാ നദിക്കു കുറുകെയുള്ള റാന്നി വലിയപാലം തകർന്നത്.റാന്നി-തിരുവല്ല റൂട്ടിലോടുന്ന സ്വകാര്യ ബസ് കടന്നു പോയതിനു പിന്നാലെ വലിയ ശബ്ദത്തോടെ പാലം തകർന്നു വീഴുകയായിരുന്നു.നിറയെ യാത്രക്കാരുമായി ഈ പാലത്തിൽ കയറിയ ബസ്, ഡ്രൈവറുടെ (മാടോലിൽ വീട്ടിൽ മോഹനൻ) വിപതിധൈര്യം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു.
മൂവാറ്റുപുഴ – പുനലൂർ സംസ്ഥാനപാതയിൽ പമ്പാനദിക്കു കുറുകെ സ്ഥിതിചെയ്യുന്ന പാലമാണ് ഇത്.മുപ്പത്താറ് വർഷം മാത്രം പഴക്കമുള്ള പാലം നദിയിലെ അനിയന്ത്രിതമായ മണൽ വാരൽ മൂലമാണ് തകർന്നു വീണതെന്നാണ് നിഗമനം.പിന്നീട് അഞ്ചു ദിവസം കൊണ്ട് സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചാണ് താൽക്കാലിക യാത്രാ സൗകര്യം ഇവിടെ ഒരുക്കിയത്.പാലത്തിന്റെ തകർച്ചയെപ്പറ്റി അന്വേഷണം നടത്തുമെന്ന് അന്നു പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
1999 ജനുവരി 9ന് ഇവിടെ പുതിയ പാലം നിർമ്മിച്ചു.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത് വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തിയായിരുന്നു.ശബരിമല തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ഈ റോഡ് ഇന്ന് ഈസ്റ്റേൺ ഹൈവേയുടെ ഭാഗമാണ്.