KeralaNEWS

ആന്‍സണ്‍ കൊലപാതകശ്രമക്കേസ് പ്രതി; അപകടശേഷവും വിദ്യാര്‍ഥികളോട് തട്ടിക്കയറി, പ്രതിയെ വിട്ടുകിട്ടാന്‍ വിദ്യാര്‍ഥികള്‍ ആശുപത്രി വളഞ്ഞു

എറണാകുളം: മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനി നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ്. സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ തലയ്‌ക്കേറ്റ പരുക്ക് സാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.

Signature-ad

നമിതയുമായി ആശുപത്രിയിലേക്കു തിരിച്ച വാഹനത്തിനു പിന്നാലെ കോളജിലെ വിദ്യാര്‍ഥികളെല്ലാം കൂട്ടമായി ആശുപത്രിയില്‍ എത്തിയിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആന്‍സണെയും ഇവിടെ തന്നെയാണു കൊണ്ടു വന്നിരുന്നത്. അപകടശേഷം ആശുപത്രിയില്‍വെച്ച് ‘വാഹനമായാല്‍ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ പ്രതികരിച്ചത് വിദ്യാര്‍ഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘര്‍ഷമായി. ആശുപത്രിയില്‍ തമ്പടിച്ച വിദ്യാര്‍ഥികള്‍ ആന്‍സനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേര്‍ന്ന് ഇവരെ നിയന്ത്രിച്ചത്.

അപകടമുണ്ടാകുന്നതിനു മുന്‍പ് കോളജ് പരിസരത്ത് അമിത വേഗത്തില്‍ ഇയാള്‍ ചുറ്റിക്കറങ്ങിയിരുന്നു. കോളജിനു മുന്നില്‍ ബൈക്കിരപ്പിച്ച ഇയാളും വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടാക്കി. തുടര്‍ന്ന് സ്ഥലംവിട്ട ഇയാള്‍ അമിത വേഗത്തില്‍ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് ബൈക്കിടിച്ച് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിത മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി.ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരുക്കേറ്റു.

Back to top button
error: