NEWSPravasi

രണ്ട് മുതൽ മൂന്ന് വർഷം വരെ ജോലി ചെയ്തിട്ടും നാട്ടിൽ പോകാൻ ലീവില്ല! സൗദിയില്‍ വീട്ടുജോലിക്കെത്തി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികള്‍ ഉൾപ്പടെയുള്ള അഞ്ച് വനിതകള്‍ നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദിയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായ അഞ്ച് വനിതകൾ നാട്ടിലേക്ക് മടങ്ങി. നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ് വന്നിരുന്ന രണ്ട് മലയാളികൾ ഉൾപ്പടെയുള്ള സംഘമാണ് ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. വീട്ട് ജോലിക്കെത്തിയവരാണ് തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടി റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയത്. രണ്ട് മാസക്കാലം എംബസി അഭയ കേന്ദ്രത്തിൽ കഴിഞ്ഞ ഇവരെ നിയമനടപടികൾ പൂർത്തീകരിക്കുന്നതിനായി സാമൂഹിക പ്രവർത്തകരെ ഏൽപിച്ചു.

ആലപ്പുഴ സ്വദേശി ആഷാ ജോർജ് (39), പത്തനാപുരം സ്വദേശിനിയായ റഹ്മത്ത് ബീവി, യു.പി ബിജ്നൊർ സ്വദേശിനി ഷബ്നം ജഹാൻ (39), മധ്യപ്രദേശ് ഭോപ്പാൽ സ്വദേശിനി ഫിർദോസ് ജഹാൻ (49), തെലങ്കാന ഹൈദരാബാദ് സ്വദേശിനി വാസീം ബീഗം (39) എന്നിവരാണ് മാസങ്ങളായി ദുരിതത്തിൽ കഴിഞ്ഞത്. രണ്ട് മുതൽ മൂന്ന് വർഷം വരെ ജോലി ചെയ്തിട്ടും നാട്ടിൽ പോകാൻ ലീവ് അനുവദിക്കാത്തതിനെ തുടർന്നാണ് തൊഴിലുടമകളുടെ കീഴിൽനിന്ന് ഓടിപ്പോയി ഇന്ത്യൻ എംബസിയിൽ അഭയംപ്രാപിച്ചത്. സാമൂഹിക പ്രവർത്തകരായ മഞ്ജുവും മണിക്കുട്ടനും ചേർന്നാണ് ഇവരുടെ എക്സിറ്റ് നടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ എംബസി നൽകിയ വിമാന ടിക്കറ്റിൽ ഇവർ അഞ്ച് പേരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

Back to top button
error: