CrimeNEWS

നാദാപുരത്ത് വ്യാപാരിയുടെ വീടിനു നേരെ ബോംബേറ്; ക്വട്ടേഷന്‍ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് വ്യാപാരിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. വാണിമേല്‍ പരപ്പുപാറയില്‍ കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ കണ്ണൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. അഞ്ചരക്കണ്ടി സ്വദേശി തുമ്പത്ത് വീട്ടില്‍ നിധീഷ് (33), കാര പേരാവൂരിലെ ചിരുകണ്ടോത്ത് വി.നിധീഷ് (28), മാമ്പയില്‍ രാഹുല്‍ നിവാസില്‍ എ.രാഹുല്‍ (28), ശങ്കരനെല്ലൂരിലെ ശ്രീരാച്ചിയില്‍ രാജ് കിരണ്‍ (24) എന്നിവരെ എറണാകുളം കടവന്ത്രയില്‍ വച്ചാണ് വളയം പോലീസ് പിടികൂടിയത്.

ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് നാലു പേരുമെന്ന് പോലീസ് അറിയിച്ചു. ഈ മാസം 10നു പുലര്‍ച്ചെയാണ് കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബെറിഞ്ഞത്. പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചു വിവരം ലഭിക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. നാലു പേരെയും മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്തു.

Signature-ad

കുഞ്ഞാലി ഹാജിയുമായി വ്യാപാര സംബന്ധമായ തര്‍ക്കമുള്ളവരില്‍ ചിലരാണ് ബോംബെറിയാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും ക്വട്ടേഷന്‍ സംഘത്തെയും ബന്ധിപ്പിക്കുകയും സഹായികളായി പ്രവര്‍ത്തിക്കുകയും ചെയ്ത തൂണേരി വേറ്റുമ്മല്‍ സ്വദേശി മുള്ളന്‍കുന്നത്ത് വരിക്കോളി ഷിധിന്‍ (28), കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഫായിസ് (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാന്‍ഡിലാണ്.

Back to top button
error: