KeralaNEWS

കനത്ത മഴ: മൂന്ന് ജില്ലകളിൽ നാളെ അവധി; കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം വീണതടക്കമുള്ള അപകടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇതിനകം അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടി, സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുള്ളത്. കോഴിക്കോട് മുതൽ കാസർക്കോട് വരെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

മഴ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശന നടപടികൾ മാറ്റിവെച്ചു. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി പ്രവേശനവും അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി പ്രവേശനവും ചൊവ്വാഴ്ച നടക്കും. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വിദ്യാർഥികളെ മഴക്കെടുതിയിൽ നിന്ന്‌ അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്നും കളക്ടർ അറിയിച്ചു. അതേസമയം നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Signature-ad

വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം

വടക്കൻ ജില്ലകളിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് മരം വീണ് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന ഇരു നില വീട് നിലം പൊത്തി. മലപ്പുറത്തും കുറ്റ്യാടിയിലും കിണർ ഇടിഞ്ഞുതാഴ്ന്നു. വയനാട്ടിൽ പേര്യാ പുഴ കര കവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോതും മരം വീണ് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി. കാസർകോട്, മൊഗ്രാൽപുഴയിലേയും നീലേശ്വരം പുഴയിലേയും ,കാര്യങ്കോട് പുഴയിലേയും ജലനിരപ്പ് അപകട നില കടന്നതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രതപുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

23-07-2023: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

23-07-2023 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
24-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
25-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

Back to top button
error: