KeralaNEWS

എട്ടില്‍ ആറു പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം; പുതുപ്പള്ളിയില്‍ കൈപിടിക്കാന്‍ കുഞ്ഞൂഞ്ഞില്ലാതെ കോണ്‍ഗ്രസ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെയാകും എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാളെത്തുമെന്നും അത് ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പറയുന്നത്. മറുവശത്ത് എല്‍ഡിഎഫിനായി ജെയ്ക് സി തോമസ് തന്നെ പോരാട്ടത്തിനിറങ്ങുമോയെന്നും അതോ റജി സഖറിയോ മറ്റാരെയെങ്കിലുമോ എല്‍ഡിഎഫിനായി എത്തുമോയെന്നുമാണ് ഇടത് അനുകൂലികള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയാണ് പുതുപ്പള്ളിയിലെ എംഎല്‍എയെങ്കിലും പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍പ്പെടുന്ന ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനിറങ്ങുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല.

1970ല്‍ തന്റെ ഇരുപതാം വയസിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മത്സരിക്കുന്നത്. അന്ന് ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റില്‍ 7128 വോട്ടുകള്‍ക്കായിരുന്നു വിജയം. പിന്നീട് ഭൂരിപക്ഷം മൂന്നിരട്ടിവരെ വര്‍ധിപ്പിച്ചാണ് ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളി നിയമസഭയിലേക്ക് അയച്ചത്. പിന്നീട് രണ്ട് തവണ മാത്രമാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിയത്. 1987 ല്‍ വിഎന്‍ വാസവനെതിരേ 9164, 2021ല്‍ ജെയ്ക് സി തോമസിനെതിരെ 9044 എന്നിവ.

Signature-ad

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളിയായിരുന്നു ജെയ്ക് സി തോമസ് ഉയര്‍ത്തിയത്. 2011ല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് 33,255 വോട്ടുകളുടെ വരെ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തിലാണ് ജെയ്ക് കഴിഞ്ഞതവണ മികച്ച പ്രകടനം നടത്തിയത്. അതുകൊണ്ട് തന്നെ ജെയ്ക്കിനെ സിപിഎം വീണ്ടും രംഗത്തിറക്കിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. ജെയ്ക്കിന് പുറമെ മുന്‍പ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍പ്പെടുന്ന എട്ട് പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്നത്. ആറ് പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം ആണ്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്നാണ് ഇടത് അനുകൂലികള്‍ ഉറ്റുനോക്കുന്നത്. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫും അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ യുഡിഎഫുമാണ് ഭരണത്തില്‍.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ സഹതാപ തരംഗവും വോട്ടായി മാറുമെന്നതില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഏതു ഘട്ടത്തിലും സിപിഎം തെരഞ്ഞെടുപ്പിനു തയാറാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും വ്യക്തമാക്കി കഴിഞ്ഞു.

 

Back to top button
error: