മുംബൈ: ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയിയിൽ നിന്നും 1.5 കോടി രൂപ തട്ടിയെടുത്തതായി പരാതി. മൂന്ന് ബിസിനസ് പങ്കാളികളാണ് പണം തട്ടിയെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവർക്ക് എതിരെയാണ് പരാതി.
വിവേകും ഭാര്യ പ്രിയങ്ക ആൽവയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഈവന്റ്- സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് വിവേകിൽ നിന്നും ഇവർ പണം തട്ടിയെടുത്ത്. ബിസിനസിൽ മികച്ച നേട്ടം ഉണ്ടാക്കിത്തരാം എന്ന് ഇവർ നടന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. കമ്പനിയിൽ നിക്ഷേപിച്ച 1.5 കോടി ഇവർ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്നും വിവേക് ആരോപിച്ചു.
സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ എന്നിവർക്ക് എതിരെ എതിരെ ഇന്ത്യൻ ശിക്ഷാനിയമം 34 (പൊതു ഉദ്ദേശ്യം), 409 (ക്രിമിനൽ വിശ്വാസവഞ്ചന), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതാണ് പൊലീസ് അറിയിച്ചു. അതേസമയം, ഇതേ ആളുകൾ നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ പക്കൽ നിന്നും 51 ലക്ഷം തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കടുവ എന്ന മലയാള ചിത്രത്തിലാണ് വിവേക് ഒബ്‌റോയ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. പൃഥ്വിരാജിന്റെ ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു കടുവ.