കോട്ടയം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാർഥികളിൽ വായനാശീലം വളർത്താൻ അക്ഷരജ്വാല പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. അക്ഷര ജ്വാല വായനക്കളരി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വൈക്കത്തെ 15 സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കാണ് പ്രയോജനം ലഭിക്കുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഒന്നര ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഓരോ സ്‌കൂളിലും 15000 രൂപ വിലവരുന്ന പുസ്തകങ്ങൾ വിതരണം ചെയ്തു ലൈബ്രറി സ്ഥാപിച്ചു.
കഥ, കവിത, നിരൂപണങ്ങൾ എന്നിങ്ങനെ എഴുപതു പുസ്തകങ്ങളാണ് പദ്ധതിയിലൂടെ ഓരോ സ്‌കൂളിനും വിതരണം ചെയ്തത്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനോടൊപ്പം കുട്ടികളുടെ പൊതു വിജ്ഞാനത്തിലും വായനാ ശീലത്തിലും ഉണ്ടായമാറ്റങ്ങൾ തിരിച്ചറിയാനായി വാരാന്ത്യങ്ങളിൽ ക്വിസ് മത്സരങ്ങളും വായനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വരുംവർഷങ്ങളിൽ പദ്ധതിയുടെ രണ്ടാംഘട്ടമായി കൂടുതൽ വിദ്യാലയങ്ങളിലേക്ക് അക്ഷരജ്വാല പദ്ധതി വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലും, വായനാ മത്സരത്തിലും യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽനിന്നു വിജയികളായവരെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിക്കും.