ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ തല്ലിയ സംഭവത്തില്‍ പ്രതിയായ യുവ ഫുട്‌ബോള്‍ താരത്തെ റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ യുവ ഫുട്‌ബോളര്‍ വില്യംസ് അലക്‌സാണ്ടര്‍ ടപോണിനെയാണു തലയ്ക്കു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍പെട്ട മനോവിഷമത്തില്‍ വില്യംസ് ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ നിഗമനം.
പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തില്‍ കോര്‍ട്ടാഡ ടീമിന്റെ താരമായിരുന്നു വില്യംസ്. കഴിഞ്ഞ ദിവസം എല്‍ റിയുണൈറ്റഡ് ക്ലബ്ബിനെതിരായ മത്സരത്തിനിടെ റഫറി ക്രിസ്റ്റ്യന്‍ ഏരിയറിനെ താരം മര്‍ദിച്ചു. റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച താരം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. തലയില്‍ മര്‍ദിച്ചതോടെ റഫറി അബോധാവസ്ഥയിലായി.
ഇതോടെ വില്യംസ് അലക്‌സാണ്ടറിനെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. 10 മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു താരത്തിനെതിരേ ചുമത്തിയിരുന്നത്. വില്യംസിനെ ഫുട്‌ബോളില്‍നിന്ന് ആജീവനാന്തം വിലക്കാനും ശിപാര്‍ശ ചെയ്തിരുന്നു.