അടുത്ത ബന്ധുക്കള്‍ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പ്രാര്‍ഥനാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കുന്നു. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് ആണ് പ്രാര്‍ഥനാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോട്ടയം നഗരത്തിലെ തിരുനക്കര മൈതാനിയില്‍ നിന്ന് ഉച്ചക്ക് 2.30ഓടെയാണ് വിലാപയാത്ര പുനരാരംഭിച്ചത്. മൂന്നര മണിക്കൂര്‍ എടുത്താണ് പത്ത് കി മീ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ വീട്ടില്‍ വിലാപയാത്രയെത്തിയത്. സെൻ്റ്.ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍. ഇവിടെ ഉമ്മൻചാണ്ടിക്കായി പുരോഹിതന്മാരുടെ കല്ലറകള്‍ക്ക് സമീപമായി പ്രത്യേകം കല്ലറ ഒരുക്കിയിട്ടുണ്ട്.
പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും. പുതുപ്പള്ളി കവല, അങ്ങാടി വഴി പള്ളിമുറ്റത്തേക്കു പ്രവേശിക്കും. പള്ളിയുടെ വടക്കുവശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനമുണ്ടാകും.
സമാപനശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ 24 മെത്രാപ്പോലീത്തമാരും സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നാണ് സംസ്‌കാരം. പള്ളിക്ക് കിഴക്ക് വശത്തായി വൈദികശ്രേഷ്ഠരുടെ കല്ലറയോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് ഉമ്മൻ ചാണ്ടിക്കായി അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി മതപരമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുക.പുതുപ്പള്ളി പള്ളിയില്‍ രാത്രി എട്ടരയോടെയാകും അന്ത്യശുശ്രൂഷകള്‍ നടക്കുക.കാണാനെത്തുന്ന ജനങ്ങളെ നിരാശരായി മടക്കി അയയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ശീലമല്ലാത്തതിനാല്‍ അവസാനമായി കാണുന്നതിന് ആർക്കും അവകാശം നിഷേധിക്കരുതെന്ന നിലപാട് കുടുംബവും പാര്‍ട്ടിയും കൈക്കൊണ്ടതോടെയാണ് ഈ തീരുമാനം.കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം അറിയിച്ചു.