താന്‍ ഏറെ പ്രസംഗിച്ച, നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വേദിയായ തിരുനക്കരയില്‍ തന്റെ അവസാന ജനസമ്ബര്‍ക്ക പരിപാടി നടത്തുകയാണ് അദ്ദേഹം. പതിവുപോലെ ജനക്കൂട്ടം അദ്ദേഹത്തെ പൊതിഞ്ഞിരിക്കുകയാണ്. തങ്ങളുടെ പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടിയിരിക്കുകയാണ്.
മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ കൊണ്ടുവന്നു. വേദിയില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ മോര്‍ച്ചറിയ്ക്കു ഭൗതികദേഹം കൊണ്ടുവന്നു. ജനക്കൂട്ടം ആര്‍ത്തിരമ്ബിയതോടെ നിയന്ത്രണം വിടരുതെന്നും എല്ലാവര്‍ക്കും ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സൗകര്യം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഭൗതികദേഹവുമായി ബസ് മൈതാനിക്കു മുന്നില്‍ നിന്നയോടെ ജനം ചങ്കുപൊട്ടി വിളിച്ചു. ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളുടെ നെഞ്ചിലെ റോസാപൂവേ, ജീവന്‍ വേണേല്‍ തരാം, കണ്ണേ കരളേ ഉമ്മന്‍ ചാണ്ടി, നിങ്ങള്‍ക്കായിരം ഉമ്മ’ എന്ന് ജനം വിളിച്ചുപറഞ്ഞൂ. ബസില്‍ നിന്ന് ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് ഭൗതികദേഹം പുറത്തെടുത്തപ്പോള്‍ ജനക്കൂട്ടം ആര്‍ത്തലച്ചു. മൈതാനത്തെ വേദിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും പോലീസും ഏറെ പണിപ്പെട്ടു.
ഇന്നലെ മുതല്‍ തിരുനക്കര മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ മൈതാനിയില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇന്ന് 11.15 ഓടെയാണ് തിരുനക്കരയിലെത്തിയത്. 152 കിലോമീറ്റര്‍ പിന്നിടാന്‍ 28 മണിക്കൂറാണ് എടുത്തത്.
രാഷ്ട്രീയ, സാമൂഹിക, മത, സാംസ്‌കാരിക മേഖലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് രാവിലെ മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തിരുനക്കരയില്‍ കാത്തിരുന്നത്. നടന്മാരായ മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ്, രമേശ് പിഷാരടി തുടങ്ങി ചലച്ചിത്ര മേഖലയിലെ നിരവധി പേരെത്തി. മന്ത്രി റോഷി അഗസ്റ്റിന്‍, രാധാകൃഷ്ണന്‍, മുന്‍മന്ത്രി എം.എ ബേബി, ഇ.പി ജയരാജന്‍, വൈക്കം വിശ്വന്‍, വയലാര്‍ രവി തുടങ്ങി നിരവധി പേര്‍ രാവിലെ മുതല്‍ തിരുനക്കരയില്‍ കാത്തിരിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ അനിയന്ത്രിതമായ തിരക്കില്‍ വളരെ പാടുപെട്ടാണ് പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചത്.
ഇതിന്റെ ഇരട്ടിയാണ് പുതുപ്പള്ളിയിലെ കാഴ്ച.പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആള്‍ക്കടലിലൂടെ വരികയാണ്.ഇനി ഒരു വരവ് കൂടി ഉണ്ടാകില്ല. ഉമ്മന്‍ചാണ്ടി ചേര്‍ത്തുപിടിച്ചവരും ആ വലിയ നേതാവിനോടു തോള്‍ചേര്‍ന്നുനിന്നവരുമെല്ലാം പുതുപ്പള്ളി കരോട്ടുവള്ളക്കാലിലെ വീട്ടുമുറ്റത്തു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഒത്തുകൂടിയിരിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ വീടും മുറ്റവും അവിടേക്കുള്ള വഴിയും ആള്‍ക്കൂട്ടമായി മാറുന്നത് ഇതാദ്യമാകും. തന്നെ കാണാനെത്തിയ ഒരാളെയും നിരാശരാക്കാതെ മടക്കിവിട്ടിരുന്ന ഉമ്മന്‍ചാണ്ടി ഒടുവില്‍ എല്ലാവരുടെയും കണ്ണു നനയിച്ച് മടങ്ങുന്നു.
നിരവധി തവണ ഔദ്യോഗികവാഹനങ്ങളിലും സ്വകാര്യവാഹനങ്ങളിലും കടന്നുപോയ വഴികളില്‍ ജനങ്ങള്‍ നിറമിഴികളോടെ ഒരുനോക്കുകാണാന്‍ കാത്തുനില്‍ക്കുകയാണ്.തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ജനങ്ങളുടെ പരാതികളും ആവലാതികളും കണ്ടും കേട്ടും പരിഹാരം കണ്ടെത്തിയിരുന്ന പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്ടിലേക്ക് അദ്ദേഹം അവസാനമായി വീണ്ടും എത്തുകയാണ്. ഒരു മണിക്കൂര്‍ മാത്രമേ വീട്ടിൽ ഭൗതികശരീരം വയ്ക്കൂവെന്നാണ് ഒടുവിലത്തെ വിവരം.പിന്നീട് പുതുപ്പള്ളി കവലവഴി വലിയ പള്ളിയിലേക്ക്.ഇവിടെയും നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തുനിൽക്കുന്നത്.