മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും വിവിധ വിമാനങ്ങളില്‍ എത്തിയ നാലുപേര്‍ പിടിയിലായി. രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന 4580 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് നാലുപേരെയും പിടികൂടിയത്.
ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി പുത്തന്‍വളപ്പില്‍ റിഷാദില്‍ (32) നിന്നും 1034 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ 4 ക്യാപ്സൂളുകളും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശിയായ മുഹമ്മദ് ഷാമിലില്‍ (21) നിന്നും 850 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം തവനൂര്‍ സ്വദേശിയായ ചോമയില്‍ മുഹമ്മദ് ഷാഫിയില്‍(41) നിന്നും 1537 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളും ഇന്നു രാവിലെ ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂര്‍ ഷിഹാബുദീനില്‍ (38) നിന്നും 1159 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ മിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കും.