കണ്ണൂര്‍: കാല്‍ടെക്സ് വിചിത്ര ഷോപ്പിങ് കോംപ്ലക്സിന്റെ മുന്‍വശത്തുള്ള ഓട്ടോസ്റ്റാന്റ് കാരണം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. എട്ട് ഓട്ടോകള്‍ മാത്രം പാര്‍ക്ക് ചെയ്യാനുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. കോര്‍പറേഷന്‍ തീരുമാനിച്ച എണ്ണത്തിന്റെ മൂന്നിരട്ടി ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. കാരണം, നിരന്തരം വ്യാപാരികളും ഓട്ടോത്തൊഴിലാളികളും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും നിത്യസംഭവമാണ്. വിചിത്ര കോംപ്ലസിന് മുന്‍പിലുള്ള ഓട്ടോ പാര്‍ക്കിങ് കാരണം കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരെയും അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ തടയുകയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍.
കോര്‍പറേഷന്റെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ടൗണ്‍ സിഐയുമായി പലപ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും നിയമം നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ശാശ്വത പരിഹാരമാകാതെ നിലനില്‍ക്കുകയാണ്. വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ വാടകയും ലൈസന്‍സുകളും മറ്റുമെടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ സംരക്ഷിക്കാനോ നിയമം നടപ്പിലാക്കി അവര്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികാരികള്‍ക്ക് സാധിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. നിലവില്‍ കടകള്‍ അടച്ചിടുകയല്ലാതെ മറ്റു മാര്‍ഗം ഒന്നുമില്ല. ഏതെങ്കിലും ഒരു സ്ഥലത്ത് കൂടി രണ്ടു മീറ്റര്‍ കോംപ്ലക്സിലേക്ക് കയറാനുള്ള വഴി അനുവദിക്കാമെന്നാണ് പരിഹാരമായി പറയുന്നത്.
കോംപ്ലക്സിലേക്ക് കയറാനും വ്യാപാരികള്‍ക്ക് കച്ചവടം ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഈ ആവശ്യം നടപ്പിലാകുന്നില്ലെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തി പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. വ്യാപാര സ്ഥാപനത്തിലേക്കു വരുന്ന ആളുകളുടെ പ്രവേശനത്തെ തടസപ്പെടുത്തി വ്യാപാര സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള തല്‍പര കക്ഷികളുടെ ശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മര്‍ച്ചന്റ് ചേംബര്‍ അവശ്യപ്പെട്ടു. അടിയന്തിരമായി പ്രശ്നം പരിഹരിച്ച് വ്യാപാര സ്ഥാപനങ്ങളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് കെ.വി സലീം അധ്യക്ഷനായി. പുനത്തില്‍ ബാഷിദ്, എം ആര്‍ നൗഷാദ്, ദിനേശന്‍, നൗഷാദ്, ഷാഫി മുണ്ടേരി എന്നിവര്‍ സംസാരിച്ചു.