ഡൽഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധ വളരെയധികം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ബുധനാഴ്ച പുതിയ അറിയിപ്പ് പുറത്തിറക്കി. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് രണ്ട് ശതമാനം പേരെ ആർടി പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ജൂലൈ 20 വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.
വിമാനത്താവളങ്ങൾ, സീ പോർട്ടുകൾ, കര അതിർത്തികൾ എന്നിങ്ങനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ എൻട്രി പോയിന്റുകളിലും പുതിയ ഇളവ് പ്രാബല്യത്തിൽ വരും. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 49 പുതിയ കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇതുവരെ ഏതാണ്ട് 44.9 ദശലക്ഷം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവരിൽ 98.81 ശതമാനം പേരും രോഗത്തെ അതിജീവിച്ചു. ആകെ കൊവിഡ് ബാധിച്ച് 5,31,915 പേർ ഇന്ത്യയിൽ മരിച്ചതായും ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം പരിശോധന ഒഴിവാക്കിയെങ്കിലും അന്താരാഷ്ട്ര യാത്രക്കാർ അതത് രാജ്യങ്ങളിലെ കൊവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചിരിക്കുന്നതാണ് നല്ലതെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. വിമാനങ്ങളിൽ കൊവിഡ് മുൻകരുതലുകളെ കുറിച്ചുള്ള അറിയിപ്പുകൾ നൽകുന്നത് തുടരും.