IndiaNEWS

തിരുവനന്തപുരത്തു നിന്നും പാക്കിസ്ഥാൻ ബോർഡറിലേക്കൊരു ട്രെയിൻ യാത്ര

ഗോതമ്പ് പാടങ്ങളും സുവര്‍ണ്ണ ക്ഷേത്രവും വാഗാ ബോര്‍ഡറും പിന്നെ രുചിയേറിയ വിഭവങ്ങളും ചേരുന്നതാണ് പഞ്ചാബ്.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് പഞ്ചാബിലുള്ളത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്ന് നേരിട്ട് പഞ്ചാബിലേക്ക് പോയാലോ?

അതെ, ഡല്‍ഹിയിലെത്തി അവിടുന്ന് പഞ്ചാബിലേക്ക് പോകുന്നതിനു പകരം ഇത്തവണ നമ്മള്‍ പരീക്ഷിക്കുന്നത് നേരിട്ട് പഞ്ചാബിലേക്ക് ഒരു യാത്രയാണ്. ഒരുപാട് പണമാകുമോ എന്നോര്‍ത്ത് പേടിക്കാതെ, ചെലവ് ചുരുക്കി പോയി ഇവിടുത്തെ എല്ലാ കാഴ്ചകളും ഗ്രാമങ്ങളും അവിടുത്തെ ജീവിതവും ഒക്കെക്കണ്ട് വരാൻ പറ്റിയ ഒരു ട്രെയിൻ യാത്ര- കേരളത്തില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് നേരിട്ട് ഒരു ട്രെയിൻ യാത്ര.

തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് എല്ലാ ആഴ്ചയും പുറപ്പെടുന്ന കൊച്ചുവേളി- അമൃത്സര്‍ സൂപ്പഫാസ്റ്റ് എക്സ്പ്രസിലാണ് യാത്ര. ചെലവ് കുറഞ്ഞ പ‍ഞ്ചാബ് യാത്ര സ്വപ്നം കാണുന്നവര്‍ക്ക് പോക്കറ്റിനൊരു തുളയിടാതെ പോയി വരുവാൻ ഇതിലും മികച്ചൊരു ഓപ്ഷനില്ല. ഈ ട്രെയിനിനെക്കുറിച്ചും അതിന്റെ യാത്ര, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

കൊച്ചുവേളി- അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12483/12484)

കൊച്ചുവേളിയില്‍ നിന്ന് എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ 4.50 ന് കൊച്ചുവേളി- അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12483) പുറപ്പെടും. പത്ത് സംസ്ഥാനങ്ങളും 28 സ്റ്റോപ്പുകളും പിന്നിട്ട് 3597 കിലോമീറ്ററാണ് ഈ ട്രെയിന്‍ ആകെ സഞ്ചരിക്കുന്നത്. മൂന്നു ദിവസം അതായത് 57 മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്രെയിന്‍ അമൃത്സര്‍ ജംങ്ഷനില്‍ എത്തിച്ചേരും.

ആകെ 28 സ്റ്റോപ്പുകളില്‌ 10 എണ്ണവും കേരളത്തിലാണ്. കൊച്ചുവേളി 04:50 am, കൊല്ലം ജംങ്ഷൻ 5.77 am, കായംകുളം ജംങ്ഷൻ- 6.23 am,ആലപ്പുഴ7.32 am, എറണാകുളം ജംങ്ഷൻ 9.35 am, തൃശൂര്‍, 11.07 am,ഷൊര്‍ണൂര്‍ ജംങ്ഷൻ 12.15 pm, കോഴിക്കോട് 1.37 pm,കണ്ണൂര്‍ 2.57 pm, കാസര്‍കോഡ് 4.03 pm എന്നിങ്ങനെയാണ് സമയം.

സ്ലീപ്പര്‍, എസി ത്രീ ടയര്‍, എസി ടൂ ടയര്‍, എസി ഫസറ്റ് ക്ലാസ് എന്നീ കോച്ചുകളാണ് ട്രെയിനിനുള്ളത്. കൊച്ചുവേളിയില്‍ നിന്ന് അമൃത്സറിലേക്ക് സ്ലീപ്പര്‍ ക്ലാസില്‍ 1075 രൂപ, എസി ത്രീ ടയറില്‍ 2745 രൂപ, എസി ടൂ ടയറില്‍ 4045 രൂപ, ഫസ്റ്റ് എസിയില്‍ 6935 രൂപ എന്നിങ്ങനെയാണ് നിരക്ക്.

അമൃത്സറില്‍ കാണേണ്ട സ്ഥലങ്ങള്‍

സിക്ക് വിശ്വാസികളുടെ സുവര്‍ണ്ണ ക്ഷേത്രമാണ് അമൃത്സറിലെ ആദ്യ കാഴ്ച. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് 2.4 കിലോമീറ്ററാണ് ദൂരം. ഹര്‍മന്ദിര്‍സാഹിബ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സിക്ക് വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയം കൂടിയാണ്. അമൃതസരോവര്‍ തടാകത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 6.00 മണി മുതല്‍ രാത്രി 2.00 മണി വരെ സഞ്ചാരികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം.

പാര്‍ട്ടീഷൻ മ്യൂസിയം

അമൃത്സറില്‍ കാണേണ്ട മറ്റൊരു പ്രധാന കാഴ്ചയാണ് ടൗണ്‍ ഹാളില്‍ സ്ഥിതി ചെയ്യുന്ന പാര്‍ട്ടീഷൻ മ്യൂസിയം. ഇന്ത്യ- പാക്കിസ്ഥാൻ} വിഭജനത്തിലേക്ക് നയിച്ച കലാപത്തിന്‍റെ ചരിത്രവും അറിവുകളും ഇവിടെ നിന്നു ലഭിക്കും. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് 1.9 കിലോമീറ്ററാണ് ദൂരം.

ജാലിയൻ വാലാബാഗ്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഉജ്വലമായ അടയാളങ്ങളിലൊന്നാണ് ജാലിയൻ വാലാബാഗ്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തം പുരണ്ട സംഭവങ്ങളിലൊന്നായ ഈ കൂട്ടക്കൊല 1919 ഏപ്രില്‍ 13നാണ് നടന്നത്. അമൃത്സറില്‍ നിന്ന് ജാലിയൻ വാലാബാഗിലേക്ക് 2.8 കിലോമീറ്ററാണ് ദൂരം.

വാഗാ ബോര്‍ഡറിലേക്ക്

ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന വാഗാ ബോര്‍ഡറിലേക്ക് കൂടി പോയാലേ പഞ്ചാബ് യാത്ര പൂര്‍ത്തിയാകൂ. പഞ്ചാബിലെ അമൃത്സറിനും പാക്കിസ്ഥാനിലെ ലാഹോറിനും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ വാഗാ അതിര്‍ത്തിയുള്ളത്. അമൃത്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട്. ക്യാബുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നു.

അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും ഉയര്‍ത്തിയിരിക്കുന്ന പതാക ഗേറ്റു തുറന്ന് താഴെ ഇറക്കുന്ന ചടങ്ങ് കാണാനാണ് ഇവിടേക്ക് ആളുകൾ കൂടുതലായി പോകുന്നത്.ബീറ്റിംഗ് റിട്രീറ്റ് എന്നാണിതറിയപ്പെടുന്നത്. 45 മിനിറ്റ് സമയമാണ് ഈ ചടങ്ങ് നീണ്ടു നില്‍ക്കുന്നത്. എല്ലാ ദിവസവും മുടക്കമില്ലാതെ നടക്കുന്ന ചടങ്ങുകൂടിയാണിത്.

അമൃത്സറില്‍ നിന്ന് തിരികെ കേരളത്തിലേക്ക്

 

അമൃത്സറില്‍ നിന്ന് തിരികെ കേരളത്തിലേക്ക് എല്ലാ ഞായറാഴ്ചയും ആണ് ASR KCVL SF EXP (12484) ന്റെ മടക്ക യാത്ര. ഞായറാഴ്ച പുലര്‍ച്ചെ 5.55ന് പുറപ്പെടുന്ന ട്രെയിൻ 56 മണിക്കൂര്‍ 35 മിനിറ്റ് യാത്ര ചെയ്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചുവേളിയിലെത്തും.

Back to top button
error: