Breaking NewsLead NewsSports

ഇങ്ങനെ കളിച്ചാൽ എങ്ങനെ കാണാതെ പോകാനാകും ചേട്ടാ… സഞ്ജുവിനെ ചേർത്ത് പിടിച്ച് ബുംറയും ഹർദിക്കും സൂര്യയും – വീഡിയോ

മുംബൈ: ഇന്നലെ മുംബൈ ​ഗ്യാലറി കണ്ടപ്പോൾ തോന്നിയ ഒരു സംശയം, ഇത് ചെപ്പോക്കാണോ, അതോ മുംബൈ ഇന്ത്യൻസിന്റെ വാങ്കഡെയോ… അതുപോലെ ​ഗ്യാലറി മുഴുവൻ നീലയും മഞ്ഞയും ഇട കലർന്ന ജേഴ്സികൾ. അവിടെ തീ പടർത്തിയത് ഒരാൾ മാത്രം ഇന്ത്യൻ ക്രിക്കറ്റിലെ ചേട്ടൻ, മലയാളികളുടെ അഭിമാനം സഞ്ജു വിശ്വനാഥ് സാംസൺ. എവിടെ സ്വന്തം ടീം അടിപതറെന്നു തോന്നുന്നോ അവിടെ അവൻ വെടിക്കെട്ടിന്റെ ആൾ രൂപമാകും. ടി ട്വന്റി ലോകകപ്പിൽ നമ്മൾ ഇത് ആവോളം ആസ്വദിച്ചതാണ്. ഇന്നലെയും ലോകകപ്പ് സെമിയിൽ ഇതേ സ്റ്റേഡിയത്തിൽ നിർത്തിയിടത്തു നിന്നായിരുന്നു സഞ്ജു തുടങ്ങിയത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുസൈഡിൽ അവൻ റൺ മല തീർത്തുകൊണ്ടേയിരുന്നു.

അവസാന ഓവറിൽ സഞ്ജു സിങ്കിളെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് എന്ന് ഇപ്പോൾ മനസിലാകുന്നുവെന്ന് കമന്ററി ബോക്സിൽ നിന്നു കേൾക്കുമ്പോൾ സഞ്ജുവെന്ന മലയാളി എത്ര ആത്മവിശ്വാസത്തിലായിരുന്നു ആ 20 ഓവറും പൂർത്തിയാക്കിയത് എങ്ങനെയാന്ന് മനസിലാകും.

Signature-ad

ശരിക്കും ഇന്നലെ ഒരിക്കൽ കൂടി സഞ്ജു സാംസൺ തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ എതിരാളികൾ പോലും കൈയടിക്കുകയായിരുന്നു. മുംബൈ ബൗളർമാരെ തല്ലിത്തകർത്ത് സെഞ്ചുറി നേടിയ സഞ്ജുവിനെ അഭിനന്ദിക്കാനായി എത്തിയത് എതിർ ടീമിലെ പ്രധാന താരങ്ങൾ തന്നെയായിരുന്നു. അതങ്ങനെയേ വരു ക്രിക്കറ്റിനെ ആത്മാവായി കാണുന്നവന് അവനെ അഭിനന്ദിക്കാതെ മുന്നോട്ടു പോകാനാവില്ല. ക്രിഷ് ഭഗത്ത് എറിഞ്ഞ അവസാന ഓവറിൽ രണ്ടു സിക്‌സും ഒരു ഫോറുമടക്കം 16 റൺസെടുത്താണ് സഞ്ജു 54 പന്തിൽ സെഞ്ചുറിയിലെത്തിയത്. പിന്നാലെ താരത്തെ അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തിയത് ജസ്പ്രീത് ബുംറയായിരുന്നു.

സഞ്ജുവിന് കൈകൊടുത്ത ബുംറ, താരത്തെ കെട്ടിപ്പിടിച്ച് പുറത്തു തട്ടി അഭിനന്ദിച്ച ശേഷമാണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമെത്തി. സഞ്ജുവിന് ഹൈ ഫൈവ് നൽകിയ ശേഷമാണ് പാണ്ഡ്യ പോയത്. തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവും സഞ്ജുവിനെ ആലിംഗനം ചെയ്ത ശേഷമാണ് മടങ്ങിയത്.

54 പന്തിൽ ആറ് സിക്‌സും 10 ഫോറുമടക്കം സഞ്ജു പുറത്താകാതെ 101 റൺസെടുത്തു. സീസണിൽ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. മുംബൈക്കെതിരെ ഒരു ചെന്നൈ താരം നേടുന്ന ആദ്യ സെഞ്ചുറി എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്. ഐപിഎൽ കരിയറിൽ താരത്തിന്റെ അഞ്ചാം സെഞ്ചുറി കൂടിയാണിത്. അതേസമയം മുംബൈയ്ക്ക് അവരുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവിയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: