ന്യൂഡല്‍ഹി: തിരുവനന്തപുരം – കാസര്‍ഗോട് വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്. ഒരു ഹര്‍ജി പരിഗണിച്ചാല്‍ സമാന ഹര്‍ജികള്‍ വിവിധയിടങ്ങളില്‍നിന്ന് എത്തുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹര്‍ജി പരിഗണിച്ചാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹര്‍ജികള്‍ വരും. ട്രെയിന്‍ ഇപ്പോള്‍ പോകുന്നതുപോലെ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ആരോപിച്ച് തിരൂര്‍ സ്വദേശിയായ പി.ടി. സിജീഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷന്‍ ശ്രീറാം പാറക്കാട്ടു വഴിയാണ് ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്.
നേരത്തെ, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി തിരൂരില്‍ സ്റ്റോപ്പ് എന്ന ആവശ്യം തള്ളിയത്. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.