പാലക്കാട് പരുതൂര്‍ സ്വദേശി സഞ്ചു എന്ന ഉണ്ണിക്കൃഷ്ണൻ (20), മലപ്പുറം വളാഞ്ചേരി സ്വദേശി മഹേഷ് (37) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ വെങ്ങാട് സ്വദേശി ഗോകുല്‍ (20) പോക്സോ കേസില്‍ റിമാൻഡിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഷെയര്‍ ചാറ്റ് വഴി ഒരു കുറ്റകൃത്യം നടക്കുന്നത്. മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത പെണ്‍കുട്ടികളെ കണ്ടെത്തി പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി.
മലപ്പുറം സ്വദേശിയായ 20കാരൻ ഷെയര്‍ ചാറ്റ് ഉപയോഗിച്ച് പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയിലെ അസ്വാഭാവികതകള്‍ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ വിവരം ചോദിച്ചറിഞ്ഞ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്കി. കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്യവേയാണ് ഒന്നാം പ്രതിയായ ഗോകുലിനെ അറസ്റ്റ് ചെയ്തത്.
പീഡിപ്പിച്ചതിനുശേഷം പെണ്‍കുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്ന നാലുപവൻ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കി. രണ്ടാം പ്രതിയായ ഉണ്ണിക്കൃഷ്ണനുമൊത്താണ് ഗോകുല്‍ പെണ്‍കുട്ടിയെ കാണാനെത്തിയത്. പെണ്‍കുട്ടിയില്‍നിന്ന് കൈക്കലാക്കിയ സ്വര്‍ണം വിറ്റ് പണം നല്‍കിയതിനാണ് മഹേഷിനെ പിടികൂടിയത്.
നേരത്തെ പാലക്കാട് കൃഷ്ണപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാൻഡ് കഴിഞ്ഞ് ജാമ്യത്തില്‍ കഴിയവെയാണ് വീണ്ടും ഗോകുല്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. ഇയാളുടെ ജാമ്യം റദ്ദാക്കാൻ കൃഷ്ണപുരം പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.