KeralaNEWS

‘നിസാറിനു സ്വന്തം വൃക്ക നൽകാ’മെന്ന് പഞ്ചായത്തംഗം മുംതാസ്, അരൂക്കുറ്റി ഗ്രാമത്തിൽ നിന്നും ജീവകാരുണ്യത്തിന്റെ  മാതൃകാസ്വരം

     ആലപ്പുഴയിലെ അരൂക്കുറ്റി പഞ്ചായത്തിൽ   വാടകയ്ക്കു താമസിക്കുകയാണ് കായംകുളം കാഞ്ഞിപ്പുഴ സ്വദേശി നിസാർ.  ഗുരുതരമായി വൃക്ക രോഗം ബാധിച്ച ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കുന്നതിനു സഹായം ചെയ്യാനുള്ള ആലോചനാ യോഗം  അരൂക്കുറ്റി പഞ്ചായത്ത് ഹാളിൽ നടക്കുന്നു.  ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള വൃക്കയുടെ ലഭ്യതയും  വൃക്ക കിട്ടാനുള്ള ബുദ്ധിമുട്ടുകളും യോഗത്തിൽ ചർച്ചയാകുന്നു. ഇതിനിടെ പഞ്ചായത്തംഗം  മുംതാസ് സുബൈർ നിശ്ചയദാർഢ്യത്തോടെ പറയുന്നു:

    ”ഞാൻ വൃക്ക തരാം…”

  മറ്റൊരാളുടെ ജീവൻരക്ഷിക്കാൻ  സ്വന്തം വൃക്ക നൽകാമെന്ന ഗ്രാമപ്പഞ്ചായത്ത് അംഗം മുംതാസിന്റെ വാഗ്ദാനം ഏവരും അവിശ്വസിനീയതയോടെയാണ് കേട്ടത്.

ആറാംവാർഡിനെ പ്രതിനിധാനം ചെയ്യുന്ന മുംതാസ് സുബൈർ അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ്. യോഗത്തിൽ പങ്കെടുത്ത രോഗിയായ യുവാവിന്റെ ഭാര്യയുടെയും മകളുടെയും മുഖം തന്നെവല്ലാതെ വേദനിപ്പിച്ചതിനാലാണ് ഒന്നും ചിന്തിക്കാതെ വൃക്കനൽകാൻ തയ്യാറായതെന്നു മുംതാസ് സുബൈർ പറഞ്ഞു.

ഭാര്യയുടെയോ മറ്റുബന്ധുക്കളുടെയോ വൃക്ക നിസാറിനു യോജിക്കില്ലെന്നു കണ്ടെത്തിയിരുന്നു. അരൂക്കുറ്റി പാണ്ട്യാലപ്പറമ്പ് സുബൈർ കോട്ടൂരിന്റെ ഭാര്യയാണ് മുംതാസ്. രണ്ടാമത്തെ പ്രാവശ്യമാണ് മുംതാസ് ആറാം വാർഡിൽനിന്നു പഞ്ചായത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നത്. സി.പി.ഐ.യെ പ്രതിനിധാനം ചെയ്താണ്‌ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

Back to top button
error: