KeralaNEWS

പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയി, ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കംപായുന്നത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിന്റെ പേരിൽ സിപിഎം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സംവാദം നടത്തുമെന്ന പറഞ്ഞ സിപിഎം മുസ്ലിം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. പൊതുസിവിൽ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സിപിഎം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കംപായുന്നത്.

Signature-ad

സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സിപിഎം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്ത സിപിഎമ്മിന് മുസ്ലിം വോട്ടുംകിട്ടില്ല കയ്യിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുതലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പുഴയിലെത്തുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം മറഞ്ഞത് സംസ്ഥാന സർക്കാരാണ്. 50 കോടി ചിലവഴിച്ച് ഡിപിആർ ഉണ്ടാക്കിയതിന് സിപിഎമ്മും സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിൽ വേഗതയേറിയ ട്രെയിൻ വേണമെന്നതാണ് ബിജെപി നിലപാട്. ഇ ശ്രീധരന്റെ ബദൽ നിർദ്ദേശം പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡൻറും ബിജെപി ഏജൻറമാരാണ്.വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു.

ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം.ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണം.മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിൻറെ പരാമർശം സെമിനാറിൻറെ ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: