KeralaNEWS

രാഖി വ്യാജരേഖയുടെ റാണി;സെക്രട്ടേറിയറ്റ് റാങ്ക് ലിസ്റ്റിലും കൃത്രിമം

കൊല്ലം: പി.എസ്.സിയുടെ വ്യാജ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എല്‍.ഡി ക്ളാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനെത്തി അറസ്റ്റിലായ രാഖി എന്ന യുവതി ഇതിന് മുൻപും ഇത്തരത്തിൽ വ്യാജരേഖ ചമച്ചതായി പോലീസ് കണ്ടെത്തി.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും കൃത്രിമ രേഖകള്‍ ചമച്ചതായി രേഖയുടെ ഫോണില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. മൊബൈല്‍ ആപ്പ് വഴിയാണ് വ്യാജരേഖ നിര്‍മ്മിച്ചത്. തുടര്‍ന്ന് സ്വന്തം മേല്‍വിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിവരം.

വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍.രാഖിയാണ് (25) സംഭവത്തിൽ ഇന്നലെ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ രാവിലെ 10ഓടെ രാഖി ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് എത്തിയത്. രേഖകള്‍ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ തഹസില്‍ദാര്‍ പി.എസ്.സി ഓഫീസില്‍ ബന്ധപ്പെട്ടു. നിയമന ഉത്തരവ് നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കുകയായിരുന്നു.

Signature-ad

ഉച്ചയോടെ ആണ്ടാമുക്കത്തെ പി.എസ്.സി ഓഫീസിലെത്തിയ രാഖിയും കുടുംബവും മൊബൈല്‍ഫോണിലുള്ള രേഖകളാണ് കാണിച്ചത്. അസല്‍ കാണിക്കാൻ തയ്യാറായില്ല.2022 ആഗസ്റ്റ് ഒന്നിന് ഇറങ്ങിയ എല്‍.ഡി ക്ളാര്‍ക്ക് ലിസ്റ്റില്‍ 22ാം റാങ്കുകാരിയാണെന്നും റവന്യു വകുപ്പില്‍ നിയമന ഉത്തരവ് ലഭിച്ചെന്നും അവകാശപ്പെട്ടാണ് ഇവരെത്തിയത്.

യഥാര്‍ത്ഥ റാങ്ക് ലിസ്റ്റില്‍ 22-ാം റാങ്ക് നേടിയത് അമല്‍ എന്ന വ്യക്തിയാണ്. ഈ സ്ഥാനത്ത് രാഖിയുടെ പേര് കൃത്രിമമായി ചേര്‍ക്കുകയായിരുന്നു. അഡ്വൈസ് മെമ്മോയിലെ നമ്ബര്‍ പി.എസ്.സിയുമായി ബന്ധമുള്ളതല്ലെന്നും നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് റവന്യു വകുപ്പിലേതല്ലെന്നും പഞ്ചായത്ത് എല്‍.ഡി ക്ലാര്‍ക്ക് പോസ്റ്റിലേതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉത്തരവില്‍ അതോറിട്ടിയുടെ സ്ഥാനത്ത് ജില്ലാ റവന്യു വകുപ്പ് ഓഫീസര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റവന്യു വകുപ്പില്‍ ഇത്തരമൊരു തസ്തികയില്ല. ജില്ലാ കളക്ടറാണ് നിയമന അധികാരി.ഇതിനിടെ  ഈസ്റ്റ് പൊലീസെത്തി രാഖിയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തു. രേഖകള്‍ വ്യാജമാണെന്നും ചോദ്യം ചെയ്യലില്‍ രാഖി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘര്‍ഷത്തിലാണ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

 

കണ്‍ട്രോള്‍ റൂം സി.ഐ ബിജു, ഈസ്റ്റ് എസ്.ഐ വി.ജെ.ദിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവിനെ ചോദ്യ ചെയ്ത ശേഷം വിട്ടയച്ചു.

Back to top button
error: