മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനയിലാണ് ശരീരത്തില്‍ ഇത്രയധികം കുത്തുകള്‍ ഏറ്റത് കണ്ടത്. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിൻ്റെ മൊഴി. അതേസമയം, ലിജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ ഇന്നലെ ഉച്ചയോടെയാണ് കാമുകനായ മഹേഷ് ആശുപത്രിയില്‍ വച്ച് കുത്തി കൊന്നത്. ലിജി പെട്ടെന്ന് ബന്ധം അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.
ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയില്‍ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയില്‍ ഐ സി യു വില്‍ ചികിത്സയിലായതിനാല്‍ പരിചരണത്തിനാണ് മകള്‍ ലിജി ആശുപത്രിയില്‍ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചില് കേട്ട് ഓടിയെത്തിയവരാണ് മഹേഷിനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറിയത്.
തുറവൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാണ് കൊല്ലപ്പെട്ട ലിജി. യുവതിയുടെ ഭര്‍ത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. ഹയര്‍ സെക്കൻഡറിക്ക് പഠിക്കുന്ന സമയത്താണ് മഹേഷിനെ ലിജി പരിചയപ്പെടുന്നത്. ഈ ബന്ധം വിവാഹശേഷവും തുടരുകയായിരുന്നു. അടുത്തിടെ മഹേഷുമായുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചു. എന്നാല്‍, മഹേഷ് അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലിജിയും മഹേഷുമായി സാമ്ബത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
അതേസമയം കസ്റ്റഡിയിലുള്ള പ്രതി മഹേഷിനെ പൊലീസ് ഇന്ന് അങ്കമാലി ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.