തിരുവനന്തപുരം: ജോലി ഭാരം കൂടുതലാണെന്ന മീറ്റര്‍ റീഡര്‍മാരുടെ പരാതി പൊളിച്ചടുക്കി വാട്ടര്‍ അതോറിട്ടി എം.ഡിയായ വനിതാ ഐ.എ.എസ് ഓഫീസര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. തലസ്ഥാനത്ത് പി.ടി.പി നഗര്‍ സബ്ഡിവിഷനു കീഴിലെ വീടുകളിലെത്തി റീഡിംഗ് എടുത്തായിരുന്നു ഇത്. കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രതിദിനം 80 വീടുകളില്‍ റീഡിംഗ് എടുക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്ന അംഗീകൃത ഭരണ – പ്രതിപക്ഷ യൂണിയനുകളുടെ പരാതിയെ തുടര്‍ന്നായിരുന്നു എം.ഡി നേരിട്ടിറങ്ങിയത്. മീറ്റര്‍ റീഡര്‍ക്കൊപ്പമെത്തിയ എം.ഡി, മൂന്ന് മണിക്കൂറില്‍ 80 വീടുകളില്‍ റീഡിംഗെടുത്തു.
പരിചിതനായ മീറ്റര്‍ റീഡര്‍ക്ക് ദിവസം 80 റീഡിംഗെന്നത് അനായാസമാണെന്ന് എം.ഡിക്ക് ബോദ്ധ്യപ്പെട്ടു. പഞ്ചായത്ത് – 50, മുനിസിപ്പാലിറ്റി – 60, കോര്‍പ്പറേഷന്‍ – 80 എന്ന തോതില്‍ പ്രതിദിന റീഡിംഗ് പുനര്‍നിശ്ചയിച്ച് ഇറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും നിര്‍ദ്ദേശിച്ചു.
2005ല്‍ ഒമ്പതു ലക്ഷം കണക്ഷനുകള്‍ ഉണ്ടായിരുന്നപ്പോള്‍ പ്രതിദിന റീഡിംഗ് ഗ്രാമങ്ങളില്‍ 30, നഗരത്തില്‍ 40 എന്നിങ്ങനെയായിരുന്നു. ഇത് 2020 ഡിസംബറില്‍ എം.വെങ്കിടേസപതി എം.ഡി ആയിരിക്കെ യഥാക്രമം 80, 100 എന്നാക്കി. യൂണിയനുകള്‍ എതിര്‍ത്തതോടെ ഉത്തരവ് മരവിപ്പിച്ചു. പിന്നീട് യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ മീറ്റര്‍ റീഡര്‍മാര്‍ പ്രതിമാസം എടുക്കേണ്ട റീഡിംഗ് എത്രയെന്ന് രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. യൂണിയനുകളുടെ ആക്ഷേപങ്ങള്‍ പരിശോധിച്ച ശേഷമാണ് ഒടുവില്‍ പ്രതിദിന റീഡിംഗ് പുനര്‍നിശ്ചയിച്ചത്. കലക്ടറായിരിക്കെ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിനെ ‘കാസര്‍ഗോടിന്റെ സൗഭാഗ്യം’ എന്ന് മന്ത്രി കെ.രാജന്‍ വിശേഷിപ്പിച്ചിരുന്നു.