തുറവൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാണ് കൊല്ലപ്പെട്ട ലിജി. യുവതിയുടെ ഭര്‍ത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. ഹയര്‍ സെക്കൻഡറിക്ക് പഠിക്കുന്ന സമയത്താണ് മഹേഷിനെ ലിജി പരിചയപ്പെടുന്നത്. ഈ ബന്ധം വിവാഹശേഷവും തുടരുകയായിരുന്നു. അടുത്തിടെ മഹേഷുമായുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചു. എന്നാല്‍, മഹേഷ് അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലിജിയും മഹേഷുമായി സാമ്ബത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയില്‍ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ആശുപത്രി മുറിയിലെത്തിയ മഹേഷ് ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നത് കണ്ട് ലിജിയുമായി വഴക്കുണ്ടാക്കുകയായിരുന്നു.തുടർന്ന് അക്രമാസക്തനായ മഹേഷില്‍ നിന്നും രക്ഷപ്പെടാൻ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയില്‍ കുത്തി. തുടര്‍ന്ന് വരാന്തയുടെ മൂലയിലേക്കു വലിച്ചുകൊണ്ടുപോയി കഴുത്തിലും വയറിലും നെഞ്ചിലുമൊക്കെ കുത്തുകയായിരുന്നു.
ഉടൻ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ലിജി മരിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് മഹേഷിനെ പിടികൂടിയത്. ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചതുമില്ല.
ഇന്നലെ രാവിലെ ലിജിയെ തേടി മഹേഷ് തുറവൂരിലെ വീട്ടിലെത്തിയിരുന്നു.ഫോൺ വിളിച്ചിട്ട് ലിജി എടുത്തുമില്ല.തുടർന്ന് ആശുപത്രിയിൽ ആണെന്നറിഞ്ഞ് മൂക്കന്നൂര്‍ എം.എ.ജി.ജെ. ആശുപത്രിയില്‍ ചെന്നു.അപ്പോഴായിരുന്നു ഭർത്താവുമായി ഫോണിൽ സംസാരിക്കുന്ന ലിജിയെ കണ്ടത്.ഇതോടെ ഇയാൾ വയലന്റ് ആകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.