തിരുത്താൻ വേണ്ടിയാകണം ശിക്ഷ, അവഹേളനമാകരുത് അത്
വെളിച്ചം
ആ സ്ഥാപനത്തിലെ ഉന്നത ഉദ്യാഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങ് നടക്കുകയാണ്. ആശംസ അര്‍പ്പിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു: “താങ്കള്‍ ഞങ്ങളെ തിരുത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ദേഷ്യപ്പെട്ടിട്ടില്ല. അതെങ്ങിനെ സാധിച്ചു?”
അദ്ദേഹം തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു:
“സ്‌കൂള്‍ പഠനകാലത്ത് ഒരിക്കൽ എന്റെ അച്ഛനെ കാണാന്‍ ഞാന്‍ അച്ഛന്റെ ഓഫീസിലെത്തി. അപ്പോള്‍ എന്റെ അച്ഛന്‍ ബോസിന്റെ മുറിയില്‍ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എനിക്ക് ഈ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടത്, റോള്‍മോഡലായ എന്റെ അച്ഛനായിരുന്നു. അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. ഞാന്‍ അന്ന് ബോസിന്റെ മുറിയില്‍ കയറി അയാളെ ചോദ്യം ചെയ്തു. എന്തിനാണ് എന്റെ അച്ഛനെ കരയിപ്പിച്ചത് എന്ന്. ആ കാഴ്ച അന്ന് മുതല്‍ ഒരു മുറിവായി എന്റെ മനസ്സില്‍ കിടന്നു. അന്ന് ഞാന്‍ തീരുമാനിച്ചു, ഞാന്‍ ഒരു സ്ഥാപനത്തിന്റെ ബോസ്സ് ആവുകയാണെങ്കില്‍ ഒരിക്കലും എന്റെ താഴെയുളളവരെ കരയിക്കില്ല എന്ന്. അത് ഈ നിമിഷം വരെ എനിക്ക് പാലിക്കാന്‍ സാധിച്ചിരിക്കുന്നു.”
അദ്ദേഹം പുഞ്ചിരിയോടെ തന്റെ പ്രസംഗം അവസാനിപ്പിച്ചു..
എല്ലാവരും ചിലരുടെ പ്രിയപ്പെട്ടവരും മറ്റുചിലരുടെ വെറുക്കപ്പെട്ടവരുമാണ്. തനിക്ക് അപ്രിയരായവരെ അവഹേളിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നത് അത്തരം ശരണാലയങ്ങളാണ്. ഒരാളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അപരാധം അയാളെ ദൈവമായി കരുതുന്നവരുടെ മുന്നില്‍ വെച്ച് അയാളെ അധിക്ഷേപിക്കുക എന്നതാണ്. അനിഷ്ടപ്രകടനത്തിലായാലും, അധികാരപ്രയോഗത്തിലായാലും പുലര്‍ത്തേണ്ട ചില മിനിമം മര്യാദകളുണ്ട്.. ആരുടേയും ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കരുത്.. വാക്കുകളിലും ചേഷ്ടകളിലും പക്വതയുടെ കടിഞ്ഞാണ്‍ ഉണ്ടാകണം. മറുപടിക്കുള്ള അവസരങ്ങള്‍ നിഷേധിക്കരുത്.
തിരുത്തലാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ സ്വകാര്യമാകണം. അവഹേളനമാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ പരസ്യമാകണം. പക്ഷേ, ശിക്ഷ നടപ്പാക്കും മുമ്പ് നമുക്ക് ഒന്നോര്‍ക്കാം, രക്ഷിക്കാനാകാത്തവര്‍ക്ക് ശിക്ഷിക്കാനും അവകാശമില്ല.
സൂര്യനാരായണൻ
ചിത്രീകരണം: നിപുകുമാർ