HealthNEWS

സോറിയാസിസ് പകരില്ല; അറിയാം ചികിത്സാ രീതി

രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ശിരോചര്‍മം, കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, നഖങ്ങള്‍, കൈപ്പത്തികള്‍, കാലുകള്‍ എന്നിവയെ സാധാരണയായി ബാധിക്കുന്ന വെള്ളി നിറമുള്ള ചെതുമ്ബല്‍ നിറഞ്ഞതും ചുവന്ന പാടുകള്‍ ഉണ്ടാക്കുന്നതുമായ വിട്ടുമാറാത്ത ഒരു അവസ്ഥ ആണ് സോറിയാസിസ്.
സാധാരണയായി ശിരോചര്‍മ്മത്തിലും മറ്റും ഇവ താരന് സമമായാണ് കാണപ്പെടുക. കൂടാതെ സമ്മര്‍ദ്ദം, തണുത്തതും വരണ്ടതുമായ കാലാവസ്ഥ, മദ്യം, പുകവലി, മുറിവുകള്‍, അണുബാധ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

എന്നാല്‍ സോറിയാസിസ് എന്ന രോഗം ഒരു പകര്‍ച്ചവ്യാധിയല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് ഒരു സ്വയം രോഗപ്രതിരോധ പ്രതികരണമാണ്. പലപ്പോഴും ഈ രോഗാവസ്ഥ രോഗികളില്‍ കടുത്ത വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദത്തിന് വഴിവയ്ക്കാറുണ്ട്.
നല്ല ജീവിതശൈലി, ചിട്ടയായ വ്യായാമം, എന്നിവയിലൂടെയും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെയും , നല്ല ഭക്ഷണശീലങ്ങള്‍ ശീലമാക്കുന്നതിലൂടെയും സോറിയാസിസ് ഒരു പരിധി വരെ നിയന്ത്രിക്കാനും തടയാനും കഴിയും. സോറിയാസിസിന് മികച്ച ചികിത്സാ മാര്‍ഗ്ഗങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സോറിയാസിസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒരി ഡെര്‍മറ്റോളജിസ്റ്റിനെ കാണുക. സോറിയാസിസ് രോഗികളെ ഒരിക്കലും നമ്മള്‍ മാറ്റി നിര്‍ത്തേണ്ടവരല്ല എന്നും അറിഞ്ഞിരിക്കുക.

പലപ്പോഴും തലയോട്ടിയിലും ശരീരത്തിന്റെ അരഭാഗങ്ങളിലും സോറിയാസിസ് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ അമിതമായി കാണപ്പെടാറുണ്ട്. ശരീരമാസകലം സോറിയാസിസ് ബാധിച്ചാല്‍ ഇത് വലിയ ചൊറിച്ചില്‍ ഉണ്ടാക്കുകയും ഉറക്കകുറവിലേക്ക് നയിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മം, നല്ല ചൂടുവെള്ളത്തിലുള്ള കുളി , രാസവസ്തുക്കളുടെ ഉപയോഗം എന്നിവ ഈ രോഗാവസ്ഥയുടെ ചൊറിച്ചില്‍ കൂട്ടുന്ന ഘടകങ്ങളാണ്.

സോറിയാസിസ് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാം

  1. വരണ്ട ചര്‍മ്മത്തില്‍ പതിവായി വെളിച്ചെണ്ണ ഉപയോഗിച്ചു മസ്സാജ് ചെയ്യുക.
  2. കുളി കഴിഞ്ഞ ഉടൻ ഒരു തോര്‍ത്തുകൊണ്ട് നന്നായി തുടച്ച്‌ ഉണങ്ങിയ ശേഷം ശരീരത്തില്‍ ഒരു നല്ല മോയ്സ്ചറൈസിംഗ് ക്രീം പുരട്ടുക
  3. 5.5 pH ഉള്ള സോപ്പ്/ബോഡി വാഷ് ഉപയോഗിക്കുക (സിൻഡറ്റ് ബേസ്)
  4. നിങ്ങളുടെ ഡെര്‍മറ്റോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന ആന്റി ഹിസ്റ്റമിൻ ഗുളികകള്‍ കഴിക്കുക
  5. കോട്ടണ്‍ വസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കുകയും കമ്ബിളി വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക
  6. ഉറങ്ങുന്നതിനുമുമ്ബ് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുക
  7. രോഗം കൂടുതല്‍ വഷളാക്കാൻ സാധ്യതയുള്ളതിനാല്‍ രോഗ ബാധിത സ്ഥലങ്ങളില്‍ ചൊറിഞ്ഞു മുറിവാക്കുന്നത് ഒഴിവാക്കുക
  8. ആൻറിസെപ്റ്റിക്സും ആല്‍ക്കഹോള്‍ ലായനിയും ഉപയോഗിച്ച്‌ ആ ഭാഗങ്ങള്‍ വൃത്തിയാക്കുന്നത് ഒഴിവാക്കുക
  9. നഖങ്ങള്‍ വെട്ടി സൂക്ഷിക്കുന്നതും ചൊറിച്ചില്‍ ഉണ്ടെങ്കില്‍ കൈപ്പത്തി കൊണ്ട് ചൊറിയുന്നതും പോറല്‍ ഉണ്ടാകുന്നത് നിയന്ത്രിക്കാനും ചര്‍മ്മത്തിന് കേടുപാടുകള്‍ ഒഴിവാക്കാനും നല്ലൊരു മാര്‍ഗമാണ്.
  10. രോഗത്തെ പ്രതിരോധിക്കുന്നതിന് ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണുക

Back to top button
error: