തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ശമ്പളം നല്‍കുന്നതിന് പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിയേക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. അതേസമയം, രാജി സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്.
കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തുന്നു. സി.ഐ.ടി.യു. ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്മെന്റിന്റെയും തലയില്‍ മാത്രമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ.എസ്.ആര്‍.ടി.സി. ശമ്പളവും പെന്‍ഷനും വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകളുണ്ട്. ആ കേസുകളില്‍ സി.എം.ഡിയേയും മാനേജ്മെന്റിനേയും കോടതി രൂക്ഷമായി വിമര്‍ശിക്കാറുമുണ്ട്. നിരന്തരം ഇത്തരത്തിലുള്ള തിരിച്ചടികളുണ്ടാകുന്നതും സ്ഥാനം ഒഴിയുന്നതിന് പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തനിക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. കെ.എസ്. ആര്‍.ടി.സിയുടെ സാമ്പത്തിക സ്ഥിതിയുള്‍പ്പടെയുള്ള വസ്തുതകള്‍ ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം ഫെയ്സ്ബുക്കിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.