IndiaNEWS

ഭക്ഷണം കഴിക്കാന്‍ സൈറണ്‍ മുഴക്കി പാഞ്ഞു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് പിഴ, നടപടിയെന്ന് പോലീസ്

ഹൈദരാബാദ്: സൈറണ്‍ മുഴക്കി തിരക്കുള്ള റോഡിലൂടെ പാഞ്ഞ ആംബുലന്‍സ് ഡ്രൈവറെ റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപത്ത് നിന്ന് പോലീസ് പിടികൂടി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന്റെ ഡ്രൈവറാണ് ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അനാവശ്യമായി സൈറണ്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് ഡ്രൈവര്‍ക്കെതിരെ 1000 രൂപ പിഴ ചുമത്തിയതായി പോലീസ് പറഞ്ഞു. ഹൈദരാബാദിലെ ബഷീര്‍ബാഗ് ജംക്ഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സൈറണ്‍ മുഴക്കി ആംബുലന്‍സ് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് മറ്റ് വാഹനങ്ങളെ നിയന്ത്രിക്കുകയും അംബുലന്‍സിന് കടന്ന് പോകാനുള്ള പാത ഒരുക്കുകയും ചെയ്തു.

Signature-ad

ആംബുലന്‍സ് കടന്ന് പോയതിന് പിന്നാലെ പോലീസ് എത്തിയതോടെയാണ് ആംബുലന്‍സ് ഡ്രൈവറെ റോഡിനോട് ചേര്‍ന്ന ഭക്ഷണശാലയ്ക്ക് സമീപത്ത് കണ്ടെത്തിയത്. ആംബുലന്‍സില്‍ രോഗി ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഡ്രൈവറും രണ്ട് നഴ്‌സുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാകുകയും ചെയ്തു.
ഡ്രൈവറുടെ നടപടിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അധികൃതര്‍ക്ക് കൈമാറുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അടിയന്തിര സാഹചര്യമില്ലാതിരുന്നിട്ടും ആംബുലന്‍സ് ഡ്രൈവര്‍ സൈറണ്‍ ഉപയോഗിച്ചുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ട്രാഫിക് – ഐ) രാഹുല്‍ ഹെഗ്ഡെ പറഞ്ഞു.

newsthen.com/2023/07/12/162829.html

ആംബുലന്‍സ് ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതരമായ ദുരുപയോഗം സംബന്ധിച്ച് ആശുപത്രി അധികൃതരെ അറിയിക്കുമെന്ന് ഡിസിപി പറഞ്ഞു. ഇത്തരത്തിലുള്ള ആവര്‍ത്തിച്ചുള്ള ലംഘനങ്ങളോ ഗുരുതരമായ ലംഘനങ്ങളോ കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: