KeralaNEWS

ട്രെയിന്‍ വിട്ടുപോയി; ഓഫീസിലെത്താന്‍ ആംബുലന്‍സ് വിളിച്ച സ്ത്രീകള്‍ കസ്റ്റഡിയില്‍!

മലപ്പുറം: യാത്രക്കാരുമായി പോയ ആംബുലന്‍സ് പോലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് തേഞ്ഞിപ്പലത്തുനിന്നും പോലീസ് പിടികൂടിയത്. ഓഫീസില്‍ അതിവേഗം എത്തുന്നതിനായാണ് ആംബുലന്‍സ് വിളിച്ചതെന്നാണ് യാത്രക്കാരായ സ്ത്രീകള്‍ പോലീസിന് നല്‍കിയ മൊഴി.

ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്. എന്നാല്‍, അവിടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിന് തയ്യാറായില്ല. രോഗികളുമായി പോകേണ്ട അത്യാവശ്യസര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു. എന്നാല്‍, പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

Signature-ad

വിവരം അറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് വിവരം പോലീസിനെ അറിയിച്ചത്. കൂടാതെ ഈ വിവരം ആംബുലന്‍സുമായി ബന്ധപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളില്‍ കൈമാറുകയായും ചെയ്തു. എറണാകുളത്തേക്കുള്ള യാത്രക്കിടെ മലപ്പുറം തേഞ്ഞിപ്പലത്തുവച്ച് പോലീസ് ആംബുലന്‍സ് കൈകാണിച്ച് നിര്‍ത്തുകയും അതിലുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. അതിവേഗം ഓഫീസില്‍ എത്തേണ്ടതിനാലാണ് ആംബുലന്‍സ് വിളിച്ചതെന്നാണ് യുവതികള്‍ പോലീസിനോട് പറഞ്ഞത്. ആംബുലന്‍സ് ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Back to top button
error: