കൊച്ചി: വടക്കന്‍ പറവൂരില്‍ ആംബുലന്‍സ് സേവനം വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ആന്റണിയുടെ പ്രതികരണം പുറത്ത്. രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം മുന്‍കൂറായി വേണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ ആന്റണി പറഞ്ഞു. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയെ പനി ബാധിച്ചതിനെ തുടര്‍ന്ന് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സ് വൈകിയതാണ് മരണ കാരണമെന്നാണ് പരാതി.
ആംബുലന്‍സ് ഡ്രൈവര്‍ മുന്‍കൂറായി പണം നല്‍കാതെ കൊണ്ടുപോകില്ലെന്ന് പറഞ്ഞതോടെ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പനി ബാധിച്ച് അസ്മയെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അസ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആശുപത്രി അധികൃതര്‍ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു.
എന്നാല്‍, 900 രൂപ നല്‍കിയാല്‍ മാത്രമേ രോഗിയുമായി പോകൂവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അത്രയും തുക ബന്ധുക്കളുടെ കൈവശം ഇല്ലാത്തതിനാല്‍ എറണാകുളത്ത് എത്തിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞു. പണം മുന്‍കൂറായി ലഭിക്കാതെ ആംബുലന്‍സ് എടുക്കില്ലെന്ന് ഡ്രൈവര്‍ വാശി പിടിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. പിന്നാലെ, അരമണിക്കൂറിനു ശേഷമാണ് പണം എത്തിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും രോഗി മരിച്ചു. സംഭവത്തില്‍ ആന്റണിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.