തിരുവനന്തപുരം: പൊലീസ് സേനയിലേക്ക് നായ്ക്കുട്ടികളെ വാങ്ങിയതിലും തീറ്റ, പരിശീലനം, ചികിത്സ എന്നിവയിലും നടന്നത് വലിയ ക്രമക്കേടെന്ന് സംശയം. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനയിലേക്ക് വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം നൽകിയാണ് കേരള പൊലീസിലേക്ക് പട്ടിക്കുട്ടികളെ വാങ്ങിയത്. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അമിതമായ വിലക്കാണ് പട്ടിക്കുട്ടികളെ വാങ്ങിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പട്ടികൾക്കുള്ള തീറ്റ വാങ്ങാൻ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തെയാണ് ഈ ഉദ്യോഗസ്ഥൻ നിർദേശിച്ചത്.
പൊലീസ് അക്കാദമിയിലെ പട്ടികളെ ചികിത്സിക്കുന്നതിനായി ജില്ലാ ലാബ് ഓഫിസറെയും ഇയാൾ പ്രത്യേക താൽപര്യ പ്രകാരം ചുമതലപ്പെടുത്തി. 125 പട്ടികളെ പരിശീലിപ്പിക്കാൻ പൊലീസ് അക്കാദമയിൽ സൗകര്യമുണ്ടായിരിക്കെ, സൗകര്യം കുറഞ്ഞ കുട്ടിക്കാനത്തെ ക്യാമ്പിൽ പട്ടികളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചതും അന്വേഷണ വിധേയമാക്കും. പട്ടിക്കുഞ്ഞുങ്ങളെ വാങ്ങിയതിലും തീറ്റ, മരുന്ന് എന്നിവ വാങ്ങിയതിലും ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്നാണ് വിജിലൻസ് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോഗ് സ്ക്വാഡ് നോഡൽ ഓഫീസറായ അസി. കമാൻഡന്റ് എ.എസ് സുരേഷിനെ സസ്പെൻഡ് ചെയ്തു. ക്രമക്കേടിന്റെ വ്യാപ്തി കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
കെഎപി മൂന്നാം ബറ്റാലിയൻറെ അസി. കമാണ്ടൻറായിരുന്നു എസ് എസ് സുരേഷ്. ഡോഗ് സ്ക്വാഡിലെ നോഡൽ ഓഫീസർ കൂടിയാണ് സുരേഷ്. സംസ്ഥാന വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് നായ്ക്കൾക്ക് വേണ്ടി ഉയർന്ന നിരക്കിൽ സാധനങ്ങൾ വാങ്ങിയതെന്നും ആരോപണമുയർന്നിരുന്നു. ഇയാളുടെ താൽപര്യപ്രകാരമാണ് ജില്ലാ ലാബ് ഓഫിസറെ നായ്ക്കളുടെ ചികിത്സക്കായി നിയോഗിച്ചതും ഈ വിഷയത്തിലും ആരോപണമുയർന്നിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി. വിജിലൻസ് അപേക്ഷക്ക് അനുമതി നൽകിയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.