KeralaNEWS

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് വിഷയം: “പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണം”; സ്പീക്കറുടെ സാന്നിധ്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

മലപ്പുറം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത്‌ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കട്ജുവിന്റെ വിമർശനം. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണം. വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്. പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരുഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞു.

അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലീം ലീഗിൻറെ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടതെങ്കിലും പ്രതിഷേധം കടുപ്പിക്കുന്നതിൻറെ ഭാഗമായാണ് മുസ്ലീം ലീഗ് ഉപരോധ സമരത്തിലേക്ക് കടന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ലീഗിൻറെ ആരോപണം.

Signature-ad

പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെൻറുകൾ കഴിയുമ്പോഴും പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള ജില്ലകളിൽ 43000 വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ നിൽക്കുകയാണ്. മലപ്പുറത്ത് മാത്രം 18000ത്തോളം വിദ്യാർത്ഥികളാണ് സീറ്റ് കിട്ടാതെ നിൽക്കുന്നത്. കഴിഞ്ഞ പ്ലസ് വൺ പ്രവേശനത്തിന് ശേഷം കുട്ടികൾ കുറവുള്ള 105 ബാച്ചുകൾ സംസ്ഥാനത്തുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി.

എന്നാൽ മലബാറിൽ സീറ്റ് കിട്ടാതെ കുട്ടികൾ പ്രതിസന്ധിയിലായിട്ടും കുട്ടികൾ കുറവുള്ള ബാക്കി 91 ബാച്ചുകൾ പുനർവിന്യസിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. സപ്ലിമെൻററി അലോട്ട്മെൻറ് പ്രവേശനം ഈ മാസം 15ന് പൂർത്തിയാകും. ഇതിന് ശേഷം താലൂക്ക് അടിസ്ഥാനത്തിൽ മലബാർ ജില്ലകളിലെ പ്ലസ് വൺ പ്രവേശന സ്ഥിതി വിശദമായി പരിശോധിച്ച് അധിക താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.

Back to top button
error: