പാമ്പാടി: പത്രം ഏജന്റായ മധ്യവയസ്കനെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം. പ്രദീപ് (19), മുട്ടമ്പലം ഇറഞ്ഞാൽ ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ അനൂപ് എ.കെ (20) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിനെ പത്രം എടുക്കുന്നതിനായി മീനടം ഭാഗത്തുനിന്നും വെട്ടത്ത് കവല ഭാഗത്തേക്ക് പോവുകയായിരുന്ന പത്രം ഏജന്റായ മധ്യവയസ്കന്റെ സ്കൂട്ടർ തടഞ്ഞുനിർത്തി , കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വാഹനം ഓഫ് ചെയ്തതിനു ശേഷം ഇയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം പിടിച്ചുപറിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ദീപു എം. പ്രദീപിന് കോട്ടയം ഈസ്റ്റ്,കുമരകം, വാകത്താനം, മണർകാട്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ ലെബിമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.