കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ, മേൽപ്പാലം നിർമ്മിച്ച കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉത്തരവിറക്കി. മേൽപ്പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരായാണ് നടപടി. കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയറുടേതാണ് നടപടി. അഞ്ച് വർഷം സംസ്ഥാന സർക്കാറിന്റെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനിയെ ഉത്തരവ് വഴി വിലക്കിയിട്ടുണ്ട്.
കമ്പനിയുടെ പേരിലോ ബെനാമി പേരിലോ അടുത്ത അഞ്ച് വർഷത്തേക്ക് ടെണ്ടറുകളിൽ പങ്കെടുക്കാനാവില്ല. മേൽപ്പാലം നിർമ്മാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിഎംആർസിയുടെ സേവനം ഉപയോഗിച്ചാണ് പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കിയത്. ഈ നടപടികൾ സംസ്ഥാന സർക്കാരിന്റെ കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയിരുന്നു. കരാർ ലംഘനവും പദ്ധതിയിൽ നടന്നുവെന്നും കമ്പനിക്കെതിരായ ഉത്തരവിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
2014 ലാണ് പാലാരിവട്ടത്ത് 41.27 കോടി രൂപയ്ക്ക് മേൽപ്പാലം നിർമ്മിച്ചത്. 2016 ഒക്ടോബർ 12 ന് പാലം തുറന്നുകൊടുത്തു. നിർമ്മാണത്തിൽ പ്രശ്നം ഉണ്ടയായാൽ 3 വർഷം കമ്പനിയുടെ ഉത്തരവാദിത്വത്തിൽ തകരാർ പരിഹരിക്കണമെന്നാണ് കരാർ വ്യവസ്ഥ. 2019ൽ തന്നെ പലാത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തി. ഇത് പരിഹരിക്കാൻ കമ്പനി തയ്യാറായില്ല. തുടർന്ന് ഡിഎംആർസി ആണ് പാലം പുനർ നിർമ്മിച്ച് ഗതാഗത യോഗ്യമാക്കിയത്.
കേരളത്തിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പാലാരിവട്ടം മേൽപ്പാലം അഴിമിതിയിൽ കരാർ കമ്പനിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടന്നു. മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർ പ്രതികളായി. അന്വേഷണം പൂർത്തിയാക്കി വർഷങ്ങളായിട്ടും കുറ്റപത്രം ഇതുവരെ കോടതിയിലെത്തിയിട്ടില്ല. ഇതിനിടെയാണ് കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയത്. ആർഡിഎസ് പ്രൊജക്ട് അധികൃതരുടെ വിശദീകരണങ്ങൾ തള്ളിയാണ് കഴിഞ്ഞ് മാസം 27ന് വൈറ്റില പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയത്.
കരാറുകളിൽ പങ്കെടുക്കാനുള്ള എ ക്ലാസ് ലൈസൻസ് റദ്ദാക്കി. അടുത്ത അഞ്ച് വർഷം സർക്കാർ ടെണ്ടറുകളിൽ ബെനാമി പേരിൽ പോലും കമ്പനിക്ക് പങ്കെടുക്കാനാകില്ല. പൊതുമരാമത്ത് നടപടിയ്ക്കെതിരെ ആർഡിഎസ് പ്രൊജക്ട് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ആവശ്യപ്പെട്ടിരുന്നു. നടപടി നിയമ വിരുദ്ധമെന്നായിരുന്നു വാദം. എന്നാൽ ബ്ലാക് ലിസ്റ്റ് ചെയ്ത നടപടി സ്റ്റേചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്.