തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍.ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിൻ ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്.
അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയിന്റെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലപാടിലായിരുന്നു ഡോക്ടർ.
ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാളാണ് വിഷയം തൃശ്ശൂര്‍ വിജിലൻസ് ഡിവൈ.എസ്.പി.യെ അറിയിച്ചത്. തുടര്‍ന്ന് ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടൻതന്നെ കാത്തു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.