തൃശൂർ : മറുനാടൻ മലയാളിയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി ടി എൻ പ്രതാപൻ എംപി. രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുൻ ഖാര്‍ഗെയെയും കെ.സി വേണുഗോപാലിനെയും കോണ്‍ഗ്രസിനെയും പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത ‘മറുനാടൻ മലയാളി’ ഷാജൻ സ്കറിയയെ ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി എൻ പ്രതാപൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘സുധാകരനും രമ്യ ഹരിദാസും വ്യക്തിപരമായ അഭിപ്രായം പറയുന്നത് പോലെ തന്റെ കാഴ്ചപ്പാടില്‍ ഊന്നിയ വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും ടി എൻപ്രതാപൻ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പൊതുപ്രവര്‍ത്തകരെ മാന്യമായി വിമര്‍ശിക്കാം. അതില്‍ കഴമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാറുണ്ട്. പക്ഷെ, ഒരു യു ട്യൂബ് ചാനലുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാമെന്ന ധാരണ പാടില്ല. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മതസ്പര്‍ധ വളര്‍ത്താനും മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും അവരുടെ വ്യക്തിത്വവും അസ്തിത്വംതന്നെയും വെല്ലുവിളിക്കാനുമാണ് ഷാജൻ പലപ്പോഴും മുതിര്‍ന്നിട്ടുള്ളത്. സംഘി സ്വരമാണ് അയാളില്‍നിന്ന് വരുന്നത്’
ടി എൻ പ്രതാപൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കെ മുരളീധരൻ എം.പിയും ഷാജൻ സ്കറിയക്കെതിരെ രംഗത്തെത്തിയിരുന്നു. ‘മറുനാടൻ ഷാജന്റെ നടപടികളോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാവിധ മാന്യതയും നല്‍കിക്കൊണ്ടാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കാറ്. പക്ഷേ ഇവൻ ഗതിപിടിക്കാത്തവനാണ് എന്നൊക്കെയുള്ള തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവര്‍ത്തനമായി ഞാൻ കാണുന്നില്ല. മറ്റൊന്ന് മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ്. ഏതാണ്ടൊരു സംഘിയുടെ ഭാഗത്തുനിന്നുള്ള സംസാരം പോലെയാണ് തോന്നിയത്’
മുരളീധരൻ പറഞ്ഞു.