Fiction

സന്തത സഹചാരിയാണ് പ്രശ്നങ്ങൾ , അതിനിടയിലൂടെയുള്ള യാത്രയാണ് ജീവിതം

വെളിച്ചം

     സ്വന്തം ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളാണ് എന്നായിരുന്നു അയാളുടെ പരാതി.  പരിഹാരത്തിനായി അയാള്‍ തന്റെ ഗുരുവിന് അടുത്തെത്തി.

Signature-ad

ഗുരു പറഞ്ഞു:

“ഇന്നെനിക്ക് സമയമില്ല.  നാളെ കാണാം.  പക്ഷേ, ഇന്നു രാത്രി നീ എന്റെ ഒട്ടകങ്ങളെ പരിചരിക്കണം.  എല്ലാ ഒട്ടകങ്ങളും ഇരിക്കുമ്പോള്‍ നിനക്ക് ഉറങ്ങാം.”
പിറ്റേന്ന് രാവിലെ ഗുരു അയാളോട് ചോദിച്ചു:
“നന്നായി ഉറങ്ങിയോ?”
യുവാവ് പറഞ്ഞു:
“ഞാന്‍ ഉറങ്ങിയതേയില്ല. ഒരൊട്ടകം ഇരിക്കുമ്പോള്‍ മറ്റൊരു ഒട്ടകം എഴുന്നേല്‍ക്കും.”
ഗുരു പറഞ്ഞു:
“നിനക്കതു ബോധ്യമായല്ലോ…? അത് ഒട്ടകങ്ങളുടെ സ്വഭാവമാണ്.  ചിലതു തനിയെ ഇരിക്കും.  ചിലത് നിന്റെ ശ്രമഫമായി ഇരിക്കും.  ചിലത് നീ എത്ര ശ്രമിച്ചാലും ഇരിക്കില്ല.  നിന്റെ പ്രശ്‌നങ്ങളും ഇതുപോലെതന്നെയാണ്.  ഒരു പ്രശ്‌നങ്ങളും ഇല്ലാത്ത സുവര്‍ണ്ണനിമിഷം ഒരു സങ്കല്‍പം മാത്രമാണ്.”

വാസസ്ഥലവും തൊഴിലിടങ്ങളും യാത്രകളും സംഭവങ്ങളുമെല്ലാം കൂടിച്ചേരുന്നതാണ് ഓരോ ദിനവും.  ഇവയോടൊപ്പമാണ് വ്യക്തിഗതമായ കാഴ്ചപ്പാടുകളും അഭിരുചികളും കലരുന്നത്.  പ്രശ്‌നങ്ങളെ ഇല്ലാതാക്കാനാവില്ല., പ്രശ്‌നങ്ങള്‍ക്കിടയിലൂടെ യാത്ര തുടരാന്‍ നമുക്ക് പരിശീലിക്കാം.

സന്തോഷവും സമാധാനവും നിറഞ്ഞ ഒരുദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രീകരണം: നിപു കുമാർ

Back to top button
error: