ലോകമെമ്പാടും ആരാധകരെ നേടിയ ഹോളിവുഡ് സൂപ്പർനാച്ചുറൽ ഹൊറർ ഫിലിം ഫ്രാഞ്ചൈസി ആണ് ദി കോൺജറിംഗ് യൂണിവേഴ്സ്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദി നൺ. ബോണി ആറോൺസ് ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിന് കേരളത്തിലും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. തിയറ്ററുകളിലെ സമീപകാല ചരിത്രത്തിൽ ഏറ്റവും വിജയം നേടിയ ഒരു ഹോളിവുഡ് ഹൊറർ ചിത്രം കൂടിയാണ് നൺ. 2018 ലായിരുന്നു ചിത്രത്തിൻറെ റിലീസ്. ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്കിപ്പുറം ചിത്രത്തിൻറെ രണ്ടാംഭാഗം പ്രദർശനത്തിന് എത്താൻ പോവുകയാണ്. ദി നൺ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു.
1956 ലെ ഫ്രാൻസ് ആണ് സിനിമയുടെ പശ്ചാത്തലം. ഒരു പാതിരി കൊല്ലപ്പെട്ടിരിക്കുന്നു. സംഭവിക്കാനിരിക്കുന്ന വലിയ വിപത്തുകളുടെ ഭൂതിയിലാണ് ചുറ്റുപാട്. വലാക് എന്ന കന്യാസ്ത്രീ പ്രേതവുമായി ഒരിക്കൽക്കൂടി മുഖത്തോട് മുഖം വരേണ്ടിവരുന്നു സിസ്റ്റർ ഐറീന്. തൈസ ഫാർമിഗയാണ് സിസ്റ്റർ ഐറീനെ അവതരിപ്പിക്കുന്നത്. സ്റ്റോം റീഡ്, അന്ന പോപ്പിൾവെൽ, കേറ്റ്ലിൻ റോസ് ഡൌമി, ജൊനാസ് ബ്ലൊക്വെ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൈക്കൾ ഷാവേസ് ആണ് ചിത്രത്തിൻറെ സംവിധാനം. ദി കഴ്സ് ഓഫ് ലാ ലൊറോണ, ദി കോൺജറിംഗ്: ദി ഡെവിൾ മേഡ് മി ഡു ഇറ്റ് എന്നീ ചിത്രങ്ങളൊരുക്കിയ മൈക്കളിൻറെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ഇത്. സെപ്റ്റംബർ 8 ന് ലോകമാകെയുള്ള സിനിമാശാലകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഇന്ത്യയിൽ ഇംഗ്ലീഷ് പതിപ്പിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾക്കും റിലീസ് ഉണ്ട്. വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് വിതരണം. 366 മില്യൺ ഡോളർ ആയിരുന്നു ദി നൺ സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.