ബംഗളൂരു: ധാര്‍വാഡ്-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിനുനേരേ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ദാവണഗെരെയില്‍ പിടിയില്‍.
എസ്.എസ്. നഗര സ്വദേശികളായ കുട്ടികളാണ് റെയില്‍വേ സംരക്ഷണസേനയുടെ പിടിയിലായത്. ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും രണ്ടുപേരെയും ചിത്രദുര്‍ഗയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
ജൂലൈയ് ഒന്നിന് ധാര്‍വാഡ്നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ദാവണഗെരെ സ്റ്റേഷന്‍ പിന്നിട്ടയുടനെയാണ് വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറുണ്ടായത്. സി. ഫോര്‍ എക്സിക്യുട്ടീവ് കോച്ചിന്റെ ചില്ല് കല്ലേറില്‍ പൊട്ടി. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. കാര്യമായ കേടുപാടുകളില്ലാത്തതിനാല്‍ ്രെടയിന്‍ സമയക്രമം പാലിച്ച് യാത്രതുടര്‍ന്നിരുന്നു. വന്ദേഭാരത് എക്സ്പ്രസിന്റെ ഒരു ചില്ല് മാറ്റിയിടാന്‍ 22,000 രൂപയാണ് ചെലവ്.
അതേസമയം, ബംഗളൂരു-ധാര്‍വാഡ് വന്ദേഭാരത് എക്സ്പ്രസിനുനേരെ ബുധനാഴ്ചയും കല്ലേറുണ്ടായി. ചിക്കമഗളൂരു ജില്ലയിലെ കഡൂര്‍-ബീരൂര്‍ സെക്ഷനില്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സി.അഞ്ച് കോച്ചിന് നേരെവന്ന കല്ലേറില്‍ ഒരു ജനല്‍ച്ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.