KeralaNEWS

എഴുത്തുകാരിയും ആദ്യകാല സാമൂഹിക പ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശൂര്‍: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു. 75 ാം വയസില്‍ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. പുസ്തകങ്ങള്‍ വായിക്കാനും എഴുതാനും കഴിയാതിരുന്ന കാലത്ത് നിന്ന് മനസില്‍ ഓര്‍ത്തുവെച്ച അക്ഷരങ്ങളായിരുന്നു സ്ത്രീ ജീവിതങ്ങളുടെ ദുരിതം വിവരിച്ചത്.

നമ്പൂതിരി സ്ത്രീകളുടെ ദുരിത ജീവിതങ്ങള്‍ പുറത്തെത്തിച്ചതായിരുന്നു ദേവകി നിലയങ്ങോടിന്റെ ജനനം. 1928 ല്‍ മലപ്പുറം ജില്ലയിലെ മുക്കുതല
പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും 12ാ മത്തെ പുത്രിയായിട്ടായിരുന്നു ജനനം. ദേവകിയുടെ ജനന സമയത്ത് അച്ഛന് പ്രായം 68 വയസായിരുന്നു. മണ്ണിലെഴുതിയാണ് ദേവകി അക്ഷരങ്ങള്‍ പഠിച്ചത്. കഴിഞ്ഞയാഴ്ച അന്തരിച്ച പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്.

Signature-ad

പതിനാറാം വയസില്‍ വിവാഹിതയായി. പിന്നീട് വായനയിലേക്ക് ചേക്കേറി. യോഗക്ഷേമ സഭയില്‍ സജീവ സാന്നിധ്യമായിരുന്നു. 1948 ല്‍ നമ്പൂതിരി കൂട്ടായ്മയില്‍ പിറന്ന തൊഴിലിടത്തിലേക്ക് എന്ന നാടകത്തില്‍ മുഖ്യപങ്ക് വഹിച്ചു. അന്തര്‍ജന സമാജം രൂപീകരിച്ച് കേരളത്തിലങ്ങോളമിങ്ങോളം നമ്പൂതിരി കുടുംബങ്ങളില്‍ പ്രചാരണത്തിനായി പുറപ്പെട്ടിരുന്നു. മകള്‍ ചന്ദ്രികയ്‌ക്കൊപ്പമാണ് അവസാനകാലത്ത് കഴിഞ്ഞത്. കാലപ്പകര്‍ച്ചകള്‍, യാത്ര കാട്ടിലും നാട്ടിലും തുടങ്ങി വേറെയും കൃതികള്‍ രചിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. സതീശന്‍, ചന്ദ്രിക, കൃഷ്ണന്‍, ഗംഗാധരന്‍, ഹരിദാസ്, ഗീത എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ തൃശൂരില്‍.

 

Back to top button
error: