സുന്ദരമാണ് തെങ്കാശിയിലെ സുന്ദരപാണ്ഡ്യപുരം . ആഗസ്റ്റ് മാസമാകുമ്പോഴേക്കും സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളില്‍ സൂര്യനെ മാത്രം ധ്യാനിച്ച് സൂര്യകാന്തിപൂക്കള്‍ വിരിഞ്ഞ് നില്‍ക്കും. ഓണം ആകുമ്പോഴേക്കും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോ ദിവസവും അതിര്‍ത്തി കടന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നത് നൂറ് കണക്കിന് വാഹനങ്ങളാണ്.പൂത്ത് നില്‍ക്കുന്ന പാടത്ത് പിന്നെ സെല്‍ഫികളും ഫോട്ടോഷൂട്ടും വീഡിയോ ചിത്രീകരണവും തകൃതി.
കേരളത്തിന്‍റെ സ്വന്തം ഓണക്കാലം പൊടിപൊടിക്കാന്‍ അധ്വാനിക്കുന്നത് തമിഴ്നാട്ടുകാരാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ തമിഴ്നാട്ടില്‍ നിന്നും കൊണ്ട് വന്നിട്ട് വേണം മലയാളിക്ക് ഓണമാഘോഷിക്കാന്‍. പൂക്കളുടെ ഉത്സവകാലമായ ഓണക്കാലത്ത് പാടവരമ്പത്തും പറമ്പുകളിലും തൊടികളിലും വിരിഞ്ഞ് നില്‍ക്കുന്ന പേരറിഞ്ഞതും അറിയാത്തതുമായ പൂവുകളായിരുന്നു മുറ്റങ്ങളിലെ ഓണപ്പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നത്.
എന്നാല്‍, കാലം മാറി, കഥ മാറി. പൂക്കളങ്ങളില്‍ നിന്ന് നാടന്‍ പൂക്കളിറങ്ങിപ്പോയി. പകരം തമിഴ്നാട്ടില്‍ നിന്നും കടും നിറങ്ങളുള്ള ജമന്തിപൂക്കളെത്തി മലയാളിയുടെ മുറ്റങ്ങളില്‍ പൂക്കളങ്ങളുടെ വളയങ്ങള്‍ തീര്‍ത്തു. ഓണക്കാലങ്ങളില്‍ പൂ പാടങ്ങള്‍ കാണാന്‍ സഹ്യനെ വകഞ്ഞ് മാറ്റി മലയാളി തമിഴ്നാട്ടിലേക്കും കടന്നു.
അവിടെ ജമന്തിയും ചെണ്ട്മല്ലിയും സൂര്യകാന്തിയും മലയാളിയുടെ കണ്ണിന് കുളിര്‍മയേകി. ഇത്തവണയും തമിഴ്നാട്ടിലെ പൂപ്പാടങ്ങളില്‍ സൂര്യകാന്തിപൂക്കള്‍ പൂത്തു കഴിഞ്ഞു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി സഞ്ചാരികളൊഴിഞ്ഞ സുന്ദരപാണ്ഡ്യപുരത്ത് ഇനി മലയാളികളെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാവും.
സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപാടം കാണാന്‍ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് പോലും കുടുംബസമേതം സഞ്ചാരികളെത്തുന്നു. പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ തെന്മലയില്‍ നിന്നും ആര്യന്‍കാവ് വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നു. ആര്യന്‍കാവ് ചെക്ക് പോസ്റ്റില്‍ നിന്നും ചെങ്കോട്ടയിലേക്ക്. അവിടെ നിന്ന് തെങ്കാശി.
തെങ്കാശിയില്‍ നിന്ന് ഏതാണ്ടൊരു രണ്ടര കിലോമീറ്റര്‍ കഴിയുമ്പോള്‍ വലത് വശത്തായി ഒരു പാറക്കൂട്ടം ഉയര്‍ന്നുനില്‍ക്കുന്നത് കാണാം. പാറക്കൂട്ടത്തിന് എതിര്‍വശത്ത് വിശാലമായ ജലാശയം.വലത് വശത്ത് അതിലേറെ വിശാലമായ പാടം. രണ്ടിനും ഇടയില്‍ റോഡോരം ചേര്‍ന്ന് തമിഴ്സിനിമയിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്ന ഒരു പാട്ട് ഷൂട്ട് ചെയ്ത സ്ഥലമാണ്.
ഇന്ന് ഈ പാറ അറിയപ്പെടുന്നത് തന്നെ ആ സിനിമയിലെ നായക കഥാപാത്രത്തിന്‍റെ പേരിലാണ്, ‘അമ്പി പാറ’ അഥവാ ‘അന്യന്‍ പാറ’യെന്നും ഈ പാറ അറിയപ്പെടുന്നു. 2005 ല്‍ ഇറങ്ങിയ ‘അന്യന്‍’ എന്ന സിനിമയിലെ ‘അണ്ടക്കാക്ക കൊണ്ടക്കാരി… ‘ എന്ന പാട്ട് ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു.
ഇവിടെ നിന്നും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സുന്ദരപാണ്ഡ്യപുരമെന്ന തനി തമിഴ് ഗ്രാമത്തിലേക്കെത്താം. അവിടെ തെപ്പാക്കുളം പിള്ളയാര്‍ അമ്പലത്തിന് പുറകിലായി ഒരു ചെറിയ കുളം കെട്ടിയൊതിക്കിയിട്ടുണ്ട്. തെ പ്പാക്കുളമെന്ന് പേര്. തെപ്പാക്കുളത്തിന്‍റെ ചുറ്റുമതില്‍ക്കെട്ടിന് പടിഞ്ഞാറ് വിശാലമായ സുന്ദരപാണ്ഡ്യപുരം ജലാശയം. ജലാശയത്തിന് പടിഞ്ഞാറ് അതിലേറെ വിശാലയമായ പാടത്ത് സൂര്യനെ ധ്യാനിച്ച് ആയിരക്കണക്കിന് സൂര്യകാന്തിപൂക്കള്‍. അവയ്ക്ക് മുകളില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കാറ്റാടി പാടം.
ഭക്ഷ്യഎണ്ണകള്‍ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും സൂര്യകാന്തിപ്പൂക്കള്‍ വളര്‍ത്തുന്നുണ്ട്. പേപ്പര്‍നിര്‍മിക്കാനും കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കുന്നു.മലയാളിക്ക് ഇത് കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയാണ്.സൂര്യകാന്തി പൂ കാണാനെത്തുന്ന മലയാളിയെ കാത്ത് തക്കാളിയും ചെറിയ ഉള്ളികളും ചെറു കിറ്റുകളിലാക്കി റോഡുവശങ്ങളില്‍ കച്ചവടക്കാരുമുണ്ട്.ഓണക്കാലത്ത് വില അൽപ്പം കൂടൂം എന്ന് മാത്രം !
പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ എന്നും കണ്ണിനൊരു കൗതുകമാണ്, അതിലേറെ രസകരവും. ഒന്നോ രണ്ടോ പാടങ്ങളിലല്ല, കണ്ണെത്തുന്ന ദൂരം മുഴുവനും ഇങ്ങനെ പൂത്തുകിടക്കുന്നത് കണ്ടാൽ ഒന്ന് അടുത്തുചെന്നു നോക്കുവാനും ഒരു ഫോട്ടോ എടുക്കുവാനും ആരും ആഗ്രഹിച്ചു പോകും.അപ്പോൾ ഈ ഓണക്കാലത്ത് വലിയൊരു പൂക്കളം കാണാൻ മലയാളിയുടെ സ്വന്തം’തെങ്കാശിപട്ടണ’ത്തിലേക് ക് വണ്ടി വിടാം.
വെറും കാഴ്ചകൾ മാത്രമല്ല സൂര്യകാന്തിപ്പൂക്കൾ എന്നു മനസ്സിലാക്കി വേണം ഇവിടെ വരാൻ. പൂക്കൾ കൃഷി ചെയ്യുന്നവരുടെ ജീവിതോപാധി കൂടിയാണിത്. അനാവശ്യമായി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഒഴിവാക്കുക. കഴിവതും വയലിലിറങ്ങാതെ ഇരിക്കുക. വയലിലിറങ്ങിയാൽ തന്നെ ചെരിപ്പിട്ട് ഇറങ്ങാതിരിക്കുക.