LocalNEWS

മുട്ടപ്പള്ളി ഗവ. വെൽഫെയർ എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു; 600 പ്രീ പ്രൈമറി സ്‌കൂളുകളിലെ പഠനാന്തരീക്ഷം രാജ്യാന്തരനിലവാരത്തിൽ: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം: സംസ്ഥാനത്തെ അറുനൂറിലധികം പ്രീ പ്രൈമറി സ്‌കൂളുകളിൽ രാജ്യാന്തരനിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞതായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പള്ളി ഗവൺമെന്റ് വെൽഫെയർ എൽ.പി. സ്‌കൂളിൽ നിർമിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്രീയ പ്രീ സ്‌കൂൾ വിദ്യാഭ്യാസം സാധ്യമാക്കിയതിലൂടെ സർക്കാർ പ്രീ സ്‌കൂൾ മേഖലയിലും ഉണർവുണ്ടായി. കുട്ടികളുടെ വളർച്ചയ്ക്ക് പഠന പരിസരം സ്വാധീനിക്കുമെന്നത് പരിഗണിച്ചാണ് പ്രീ സ്‌കൂളുകൾ നിർമിച്ചിട്ടുള്ളത്. സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ വർണകൂടാരം പദ്ധതി നടപ്പാക്കുന്നത്. ചുറ്റുപാടുകളുമായും മറ്റും ഇടപെടാനും അനുഭവം നേടാനും ധാരാളം അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇക്കാലത്ത് എത്രത്തോളം നല്ല അനുഭവങ്ങൾ ലഭിക്കുന്നുവോ അത്രത്തോളം മികവാർന്നതായിരിക്കും കുട്ടിയുടെ ഭാവി ജീവിതവും. നമ്മുടെ കുട്ടികളുടെ ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പൊതു വിദ്യാഭ്യാസ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ബിനോയ് ഇ.ജെ. ഇലവുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി.എസ്. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മാഗി ജോസഫ്, എരുമേലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലിസി സജി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എസ്. സതീഷ് , തങ്കമ്മ ജോർജ്ജ്കുട്ടി, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ ഇൻ ചാർജ്ജ് പി.എച്ച്. ഷൈലജ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ ആശ ജോർജ്ജ്, കാഞ്ഞിരപ്പള്ളി എസ്.എസ്.കെ. ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ വി.എം. അജാസ്, ഡയറ്റ് ഫാക്കൽറ്റി സ്മിത ശങ്കർ, സ്‌കൂൾ പ്രധാനധ്യാപിക സിസ്സൻ തോമസ്, വിദ്യാഭ്യാസ വകുപ്പ് മുൻ ഉപ ഡയറക്ടർ സി.എൻ തങ്കച്ചൻ, മുട്ടപ്പള്ളി ടി.വി.എച്ച്.എസ് പ്രധാനാധ്യാപിക സി.ജി. മിനി, പി.ടി.എ. പ്രസിഡന്റ് ഇ.കെ.രാജീവ് ഗാന്ധി, എസ്.എസ്.കെ. ബി.ആർ.സി.ടി റീബി വർഗീസ്, അധ്യാപിക എ.ജെ. ലിജാ മോൾ, സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സുധർമ്മിണി, വിരമിച്ച അധ്യാപകരായ വി.വി. അംബിക, എ.നസീമ, മുട്ടപ്പള്ളി പബ്ലിക്ക് ലൈബ്രറി സെക്രട്ടറി പി.വി. പ്രസാദ്, സ്വാഗതസംഘം വൈസ് ചെയർമാൻ ടി.എം. നൗഷാദ്, അധ്യാപക പ്രതിനിധി എം.സി. ഷൈനി മോൾ എന്നിവർ പങ്കെടുത്തു.

കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് (ആക്ടിവിറ്റി ഏരിയകൾ) സ്‌കൂളിൽ സജ്ജമാക്കിയിരിക്കുന്നത്.

Back to top button
error: