കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിനു കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പോലീസ് മര്‍ദ്ദിച്ചത്. ഇതില്‍ രോഷാകുലരായ നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞു.
പോലീസിന്റെ മര്‍ദ്ദനമേറ്റ മുഹമ്മദ് സാദിഫ് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ കൈയ്ക്കു പരിക്കുണ്ട്. അതേസമയം, മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗണ്‍മാനെ അധിക്ഷേപിച്ചതിനു രണ്ടു പേര്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
സൗത്ത് ബീച്ച് മമ്മാലി കടപ്പുറത്തിനു സമീപത്തുവച്ച് ഇന്ന് ഉച്ചയോടെയാണു സംഭവം. മീന്‍ ലോറിയിലെ ഡ്രൈവറാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് സാദിഫ്. വടകര ചോമ്പാലയില്‍നിന്ന് പരപ്പനങ്ങാടിയിലേക്കു ബീച്ച് റോഡിലൂടെ പോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണു മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ് വാഹനത്തിലെ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.