IndiaNEWS

ഇന്ത്യ- തായ്ലാന്‍ഡ് ഹൈവേ; 1400 കിലോമീറ്റര്‍ പാതയുടെ 70% പൂര്‍ത്തിയായെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയെ മ്യാന്‍മാറും തായ്ലാന്‍ഡുമായി റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര പാതയുടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. മണിപ്പുരിലെ മോറെയെ മ്യാന്‍മാര്‍ വഴി തായ്ലാന്‍ഡിലെ മേ സോട്ടുമായാണ് 1400 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത ബന്ധിപ്പിക്കുക.

2019 ഡിസംബറോടെ പാത പ്രവര്‍ത്തനക്ഷമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ദൂരം, റൂട്ട് എന്നിവയിലെ വെല്ലുവിളികളും കോവിഡ് മഹാമാരിയും പദ്ധതി നീണ്ടുപോകാന്‍ കാരണമായി. പദ്ധതി പൂര്‍ത്തീകരണ സമയപരിധി സംബന്ധിച്ച് മന്ത്രി വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും 2027ഓടെ പാത യാഥാര്‍ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Signature-ad

മൂന്നുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് പാത ഉത്തേജനമാകുമെന്നാണ് കണക്കുകൂട്ടല്‍.ഹൈവേ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യാണ്. 2002 ഏപ്രിലില്‍ ഇന്ത്യയും മ്യാന്‍മാറും തായ്ലാന്‍ഡും തമ്മില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.

ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ് അസോസിയേഷനും (ആസിയാന്‍) തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് റോഡ് നീട്ടാനും ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.

Back to top button
error: