IndiaNEWS

പവാറിന്റെ പവര്‍ ചോരുന്നത് പ്രഫുലിന്റെ കൂടുമാറ്റത്തില്‍; നടുക്കം വിടാതെ എന്‍.സി.പി.

മുംബൈ: ഒരുപക്ഷേ അനന്തരവന്‍ അജിത് പവാര്‍ മറുകണ്ടം ചാടിയതിനെക്കാള്‍ അധികം എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിനെ വേദനിപ്പിച്ചിട്ടുണ്ടാവുക ഉറ്റ വിശ്വസ്തനും രാജ്യസഭാ എം.പിയുമായ പ്രഫുല്‍ പട്ടേലിന്റെ കളംമാറ്റമായിരിക്കും. കാരണം ശരദ് പവാറിനെ സംബന്ധിച്ചിടത്തോളം ഒരു ക്രൈസിസ് മാനേജര്‍ കൂടിയായിരുന്നു പ്രഫുല്‍.

ഈയടുത്ത് എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനത്തുനിന്ന് ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ കളത്തിലിറങ്ങിയതും പവാറിനെ കൊണ്ട് തീരുമാനം പിന്‍വലിപ്പിച്ചതും പ്രഫുലിന്റെ നീക്കത്തിലൂടെ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജി പ്രഖ്യാപനം പിന്‍വലിച്ച പവാര്‍ പിന്നീട് എന്‍.സി.പി. നേതൃഘടനയില്‍ മാറ്റം കൊണ്ടുവരികയും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്കൊപ്പം പ്രഫുലിനെ എത്തിക്കുകയും ചെയ്തു.

Signature-ad

പ്രഫുല്‍ പട്ടേലിന്റെ നീക്കത്തെ പവാറിന് നേരിട്ട വ്യക്തിപരമായ തിരിച്ചടി കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രഫുല്‍ പട്ടേലിനോടും സുനില്‍ തട്കാരയോടും ഒഴികെ മറ്റാരോടും ദേഷ്യമില്ലെന്ന് പവാര്‍ പറഞ്ഞിട്ടുമുണ്ട്. പ്രഫുല്‍ പട്ടേലിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ശരദ് പവാറാണ്. അന്നു മുതല്‍ പ്രഫുലിന്റെ രാഷ്ട്രീയഗുരുവായിരുന്നു പവാര്‍. ഉറ്റ അനുയായിയില്‍നിന്നുള്ള പ്രഫുലിന്റെ വേഷപ്പകര്‍ച്ച പവാറിനെ മുറിവേല്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല.

വിദര്‍ഭ മേഖലയിലെ ഗോന്ദിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനത്തേക്കു വരെ പ്രഫുല്‍ വളര്‍ന്നു. യു.പി.എ. കാലത്ത് വ്യോമയാന മന്ത്രിയായിരുന്നു. 1991-ലാണ് പ്രഫുല്‍ പട്ടേല്‍ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രഫുലിന് പവാര്‍ രാജ്യസഭാ എം.പി. സ്ഥാനം നല്‍കി. 2014-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന നാനാ പടോലെയോടായിരുന്നു പ്രഫുല്‍ പരാജയപ്പെട്ടത്.

1999-ല്‍ എന്‍.സി.പി. രൂപവത്കരിക്കപ്പെട്ട സമയം മുതല്‍ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ മന്ത്രിസഭ രൂപവത്കരണം വരെയുള്ള കാര്യങ്ങളില്‍ പ്രഫുല്‍ പട്ടേല്‍ നിര്‍ണായക സ്ഥാനമാണ് ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യരൂപവത്കരണത്തിനു പിന്നിലും ശരദ് പവാറിനൊപ്പം പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

 

Back to top button
error: