ഗാന്ധിനഗര്‍: കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സൂറത്തിലെ ഡിന്‍ഡോലിയില്‍ നിര്‍മാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെടുകയും തെറ്റായ വിവരം നല്കി പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്ത പ്രതി, കുറ്റകൃത്യം മറയ്ക്കാന്‍ ‘ദൃശ്യം’ സിനിമ പലതവണ കണ്ടതായും പോലീസ് വ്യക്തമാക്കി.
മകന് വീര്‍ മാണ്ഡവിയെ കാണാനില്ലെന്ന പരാതിയുമായാണ് നയന പോലീസ് സ്റ്റേഷനിലെത്തിയത്. നയന ജോലിചെയ്യുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് കുഞ്ഞ് ആ സ്ഥലത്തുനിന്ന് പുറത്തുപോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കണ്ടെത്താന്‍ പോലീസ് നായയുടെ സഹായം തേടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി പോലീസ് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തി.
തുടര്‍ന്ന് യുവതി ഝാര്‍ഖണ്ഡിലുള്ള തന്റെ കാമുകന് കുട്ടിയെ കടത്തിക്കൊണ്ടുപോയതായി ആരോപണം ഉന്നയിച്ചു. പോലീസ് ഇയാളുമായി ബന്ധപ്പെട്ടെങ്കിലും സൂറത്തിന്റെ പരിസരത്ത് ഇയാള്‍ വന്നുപോയതായുള്ള സൂചനകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. നയന തൊഴിലെടുക്കുന്ന സ്ഥലത്തുനിന്ന് കുട്ടി പുറത്തുപോകുന്നതിന്റേയോ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ തെളിവുകള്‍ ലഭിക്കാത്തത് പോലീസിനെ കുഴക്കി.
നയനയിലേക്ക് തന്നെ പോലീസിന്റെ സംശയം നീണ്ടു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ മകനെ കൊലപ്പെടുത്തിയതാണെന്ന കാര്യം പ്രതി ഏറ്റുപറഞ്ഞു. കുഴിയില്‍ മൃതദേഹം അടക്കം ചെയ്തതായും നയന മൊഴി നല്കി. എന്നാല്‍, പോലീസിന് കുഴിയില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കുളത്തില്‍ മൃതശരീരം എറിഞ്ഞുവെന്നായിരുന്നു നയനയുടെ പിന്നീടുള്ള മൊഴി. കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കിട്ടിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മാലിന്യക്കുഴിയില്‍ കുഞ്ഞിന്റെ ശരീരം എറിഞ്ഞതായി അറിയിച്ചു. തുടര്‍ന്ന് അവിടെനിന്ന് മൃതദേഹം പോലീസ് കണ്ടെടുത്തു.
കുട്ടിയുമായെത്തിയാല്‍ നയനയെ സ്വീകരിക്കാനാവില്ലെന്ന് ഝാര്‍ഖണ്ഡിലുള്ള കാമുകന് പറഞ്ഞതോടെയാണ് കുട്ടിയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി മൊഴി നല്കി. കാമുകനെ സ്വന്തമാക്കാന്‍ മകനെ കൊലപ്പെടുത്തുകയായിരുന്നു പ്രതി കണ്ടെത്തിയ മാര്‍ഗം. ദൃശ്യം സിനിമ കണ്ടാണ് മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം ലഭിച്ചതെന്നും പ്രതി അറിയിച്ചു. സിനിമയിലുള്ളതുപോലെ ചെയ്താല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നും ഝാര്‍ഖണ്ഡിലെത്തി കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാമെന്നുമായിരുന്നു പ്രതിയുടെ വിശ്വാസം.