KeralaNEWS

ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രം

തിരുവനന്തപുരം:ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രം.
കഴിഞ്ഞ വ്യാഴാഴ്ച ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് ഈദ് ഗാഹിന് സൗകര്യമൊരുക്കിയതിന് മസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി നന്ദിയും അറിയിച്ചു.
തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്ര അധികൃതര്‍ക്ക് നന്ദി അര്‍പിച്ച്‌ ചാല ജുമാ ചീഫ് ഇമാം അബ്ദുല്‍ ശുകൂര്‍ മൗലവിയുടെ നേതൃത്വത്തിലാണ് ഒരു സംഘം എത്തിയത്. ക്ഷേത്ര മേല്‍ശാന്തി ശങ്കരന്‍ നമ്ബൂതിരിപ്പാട് ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ഇതാണ് ‘യഥാര്‍ഥ കേരള സ്റ്റോറി’ എന്ന വിശേഷണത്തോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.
ചാല ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍കിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ പെരുന്നാള്‍ നിസ്‌കാരത്തിന് എത്തിയിരുന്നു. ഇതേസമയത്ത് പാര്‍കിന് എതിര്‍ വശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണി വഴി പ്രാര്‍ഥന ഗീതങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു.നിസ്‌കാരത്തിന് തടസമുണ്ടാവാതിരിക്കാന്‍ വേണ്ടി ക്ഷേത്രം അധികൃതർ പുറത്തെ ഉച്ചഭാഷിണി ഓഫ് ചെയ്യുകയും അകത്തെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കുകയും ചെയ്തിരുന്നു.

Back to top button
error: