Fiction

ജീവിതം ആസ്വദിക്കുന്നത് വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്നവര്‍ മാത്രം

വെളിച്ചം

   രാജാവിന് മന്ത്രിയുടെ കഴിവില്‍ അത്രയ്ക്ക് മതിപ്പുണ്ടായിരുന്നില്ല.  അതുകൊണ്ട് തന്നെ ചെറിയൊരു വീഴ്ച മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ രാജാവ് ആ സന്ദര്‍ഭം മുതലെടുത്ത് മന്ത്രിക്ക് വധശിക്ഷ  വിധിച്ചു.  ഈ വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സേവകര്‍ എത്തിയപ്പോള്‍ മന്ത്രിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നു.  മന്ത്രിയുടെ പിറന്നാള്‍ ആയിരുന്നു അന്ന്.  ആഘോഷങ്ങളില്‍ മതിമയങ്ങി മന്ത്രി നൃത്തം ചവിട്ടുന്ന സമയത്താണ് സേവകര്‍ രാജകല്‍പന വായിച്ചത്.

Signature-ad

എല്ലാവരുടേയും പാട്ടും നൃത്തവും നിലച്ചു.  പക്ഷേ, മന്ത്രി തന്റെ നൃത്തം തുടര്‍ന്നു.  രാജകല്‍പന മന്ത്രി കേട്ടിട്ടുണ്ടാകില്ല എന്ന് കരുതി സേവകര്‍ ഒന്നുകൂടി സന്ദേശം വായിച്ചു.
അപ്പോഴും മന്ത്രി നൃത്തം തുടര്‍ന്നു. സേവകര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ചു.  രാജാവ് മന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി ചോദിച്ചു:
“നിങ്ങള്‍ക്ക് ശിക്ഷയെന്താണെന്ന് മനസ്സിലായില്ലേ?”
മന്ത്രി പറഞ്ഞു:
“എനിക്ക് അങ്ങയോട് നന്ദിയുണ്ട്.  ജനിച്ച ദിവസം തന്നെ മരിക്കുന്നത് ഭാഗ്യമാണ്,  മാത്രവുമല്ല, മരണത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. അത്ര സമയം കൂടി എനിക്ക് ആഘോഷിക്കാമല്ലോ…?”

ഇത് കേട്ട്  തന്റെ ഉത്തരവ് റദ്ദാക്കി രാജാവ് പറഞ്ഞു:
“മരണത്തെ പേടിയില്ലാത്തവനെ തൂക്കിലേറ്റുന്നതില്‍ എന്തര്‍ത്ഥം.”
വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമാണ് ജീവിതം രസച്ചരടുകളില്‍ കോര്‍ത്തിണക്കാനാകുക.  തല്‍സമയം മാത്രമാണ് യാഥാര്‍ത്ഥ്യം.  മുന്‍പുളളവ കഴിഞ്ഞുപോയി.  വരാനുള്ളവയെക്കുറിച്ച് ഒരു ഉറപ്പുമില്ല.  ഇന്നലയോടും നാളെയോടുമുള്ള അനാരോഗ്യകരമായ അഭിനിവേശമാണ് ഇന്നിന്റെ സ്വാതന്ത്ര്യം ഇല്ലതാക്കുന്നത്.  നല്ലകാലം നാളെവരും എന്ന് വിശ്വസിച്ചു കാത്തിരിക്കുന്നവര്‍ എന്നും കഷ്ടകാലത്തിലായിരിക്കും.

ആളുകള്‍ ജീവിക്കുന്നത് മൂന്ന് തലത്തിലാണ്.  ഭൂതകാലത്തിലും, വര്‍ത്തമാനത്തിലും ഭാവികാലത്തിലും.  അതതു നിമിഷത്തെ സന്തോഷത്തേയും സംതൃപ്തിയേയും തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ഓര്‍ത്തിരിക്കാനൊരു ഭൂതകാലവും പ്രതീക്ഷിക്കാനൊരു ഭാവികാലവും ഉണ്ടാകൂ. വര്‍ത്തമാനകാലത്തിന്റെ രസച്ചരടുകള്‍ അനുഭവിക്കാന്‍ ഏവക്കും പരിശ്രമിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രീകരണം: നിപു കുമാർ

Back to top button
error: