CrimeNEWS

ഇല്ലാത്ത ലഹരിയുടെ പേരില്‍ വീട്ടമ്മയ്ക്ക് ‘വല്ലാത്ത പൊല്ലാപ്പ്’; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി

തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയില്‍ നിന്ന് പിടികൂടിയത് മയക്കുമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. എക്‌സൈസ് പരിശോധനകളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നതായും മന്ത്രി അറിയിച്ചു.

”ഇതേക്കുറിച്ച് എക്‌സൈസ് തന്നെ ഒരു വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റിയത്. ഇപ്പോള്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. അതില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല”. -മന്ത്രി അറിയിച്ചു.

Signature-ad

‘ഷീ സ്‌റ്റൈല്‍’ ബ്യൂട്ടി പാര്‍ലര്‍ ഉടമ പരിയാരം സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയാണ് (51) ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ജയിലില്‍ കിടന്നത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്നു പിടികൂടിയത് മയക്കുമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെ ഷീല നിയമ നടപടികളിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നു. ഫെബ്രുവരി 27നാണ് മാരകമയക്കുമരുന്നായ 12 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയെന്ന കുറ്റത്തിന് എക്സൈസിന്റെ ഇരിങ്ങാലക്കുടയിലെ പ്രത്യേക സംഘം ഷീലയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഏക വരുമാനമാര്‍ഗ്ഗമായ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി. അഞ്ച് വര്‍ഷം മുമ്പാണ് ഷീ സ്‌റ്റൈല്‍ മെയിന്റോഡില്‍ തുടങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചതിനു പിന്നാലെ മരുമകന്‍ ജോയ്സണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് എറണാകുളം എക്സൈസ് ക്രൈം ബ്രാഞ്ച് കാക്കനാട് ഗവ.ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് മയക്കുമരുന്ന് അല്ലെന്ന് തെളിഞ്ഞത്.അടുത്തബന്ധുവും അവരുടെ കൂട്ടാളികളുമാണ് സംഭവത്തിനു പിന്നിലെന്ന് ഷീല പറയുന്നു.

Back to top button
error: