കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സ്ഥാനം അവസാനത്തെ രണ്ടരവര്‍ഷത്തെ ടേം തങ്ങള്‍ക്ക് കിട്ടണമെന്ന നിലപാടില്‍നിന്നു ഒരിഞ്ചുപോലും പുറകോട്ടില്ലെന്ന് മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി തെറ്റിയ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം ജൂലൈ രണ്ടാംവാരം അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള അണിയറ നീക്കത്തിലാണ്. ഇതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുഡിഎഫ് മുന്നണി ആടിയുലയുകയാണ്.
കോണ്‍ഗ്രസ് വാക്കുപാലിച്ചില്ലെങ്കില്‍ വേണ്ടിവന്നാല്‍ മുന്നണി ബന്ധം തന്നെ ഉപേക്ഷിക്കുമെന്നു മുന്‍പ് ലീഗ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, രണ്ടരവര്‍ഷം വീതം മേയര്‍ പദവിയെന്ന കരാര്‍ നടപ്പാക്കാന്‍ തയ്യാറല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. രണ്ടരവര്‍ഷത്തില്‍ കുറഞ്ഞ ഒരു നീക്കുപോക്കിനും തയ്യാറാകേണ്ടതില്ലെന്നാണ് ലീഗ് ജില്ലാ നേതൃയോഗത്തിന്റെയും തീരുമാനം.
കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചക്കില്ലെന്നും ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇനി സമീപിക്കില്ലെന്നും ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തീരുമാനം ഡിസിസി നേതൃത്വം പറയട്ടെയെന്നും ഞായറാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകുന്നില്ലെങ്കില്‍ ലീഗ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും ലീഗ് ജില്ലാ നേതാക്കളും പങ്കെടുത്ത ഉഭയകക്ഷി ചര്‍ച്ചയിലാണ് ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും പിന്നീട് ലീഗിനും മേയര്‍ പദവി തീരുമാനിച്ചത്. എന്നാല്‍, രണ്ടരവര്‍ഷം പൂര്‍ത്തിയായിട്ടും കോണ്‍ഗ്രസ് മേയര്‍ പദവി കൈമാറ്റം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞയാഴ്ച കെ സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും കോണ്‍ഗ്രസ് മേയര്‍ പദവി കൈമാറില്ലെന്ന നിലപാടാണെടുത്തത്.
കോര്‍പറേഷനില്‍ നല്ല അംഗസംഖ്യയുള്ളതിനാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുംപിടുത്തമായിരുന്നു ഡിസിസി നേതൃത്വത്തിന്റേത്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി കൈമാറണമെങ്കില്‍ ലീഗ് കൈവശംവെക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ഇതേ രീതിയില്‍ മാറ്റം വേണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. ലീഗിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യം.
സംസ്ഥാനതലത്തില്‍ ലീഗിനെ സമ്മര്‍ദത്തിലാക്കുന്ന വിഷയമായിട്ടും കെ സുധാകരന്‍ ചര്‍ച്ചയില്‍ ഇതിനെ എതിര്‍ത്തില്ല. പിന്നീട് ചര്‍ച്ച നടത്താമെന്ന ധാരണയില്‍ പിരിഞ്ഞെങ്കിലും മേയര്‍ പദവി കൈമാറ്റ വിഷയം അത്ര ഗൗരവമാക്കേണ്ടെന്നാണ് ഡിസിസി നേതൃത്വത്തിന്റെ പൊതുധാരണ. ഇതിനുശേഷം ഡിസിസി പ്രസിഡന്റുമായി നടന്ന ചര്‍ച്ചയിലും അപമാനിതരായതോടെയാണ് ലീഗ് പരസ്യപ്രതികരണം നടത്തിയത്. അതേസമയം, മൂന്നുവര്‍ഷവും രണ്ടുവര്‍ഷവും എന്ന് ധാരണയാക്കി തല്‍ക്കാലം ലീഗിനെ ഒതുക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് സംസ്ഥാന നേതൃത്വത്തെ ഇതിനായി സമീപിക്കാനും അണിയറ നീക്കങ്ങള്‍ നടന്നുവരികയാണ്.